അരവിന്ദ് കെജ്രിവാള്‍ രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച്ച നടത്തി,എഎപിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ആഭ്യന്തരമന്ത്രി

ഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ആംആദ്മി പാര്‍ട്ടിയുടെ അരിന്ദ് കെജ്രിവാള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച്ച നടത്തി.ഡല്‍ഹിയുടെ ആവശ്യങ്ങള്‍ക്കായി എഎപിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് രാജ്‌നാഥ് സിംഗ് കെജ്രിവാളിനെ അറിയിച്ചു.കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവായും കെജ്രിവാള്‍ ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച്  നടത്തുന്ന കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ കൂടിക്കാഴ്ച് നടത്തും.

മുഖ്യമന്ത്രിയായി കെജ്രിവാള്‍ ശനിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും.ഡല്‍ഹിയിലെ രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ഡല്‍ഹിയില്‍ നിന്നുള്ള എല്ലാ എംപിമാരെയും ക്ഷണിക്കുമെന്ന് എഎപി നേതാവ് മനീഷ് സിസോഡിയ അറിയിച്ചു.

നേരത്തെ കെജ്രിവാളിനൊപ്പം ഉണ്ടായിരുന്നവരില്‍ മിക്കവരും പുതിയ മന്ത്രിസഭയിലും ഇടംപിടിച്ചേക്കുമെന്നാണ് സൂചന. ആംആദ്മി പാര്‍ട്ടി ഭരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ എത്രമാത്രമുണ്ടാകുമെന്നതും നിര്‍ണായകമാണ്. തിരഞ്ഞെടുപ്പ് ഫലംവന്നതിനു പിന്നാലെ എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് അരവിന്ദ് കെജ്രിവാളിനെ ആംആദ്മിപാര്‍ട്ടി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു.

അംഗബലമില്ലാതെ 49 ദിവസത്തെ ഭരണം കെജ്രിവാളിന് ഉപേക്ഷിക്കേണ്ട വന്നത് കഴിഞ്ഞ ഫെബ്രുവരി 14 നായിരുന്നു. ഒരുവര്‍ഷത്തിനിപ്പുറം മറ്റൊരു ഫെബ്രുവരി 14ന് വന്‍ ഭൂരിപക്ഷത്തോടെ മുഖ്യമന്ത്രി കസേരയിലേക്കു തിരികെയെത്തുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

അഭിപ്രായങ്ങള്‍

Comments are closed.