വൈറ്റ് ഹൗസിനെ തരിപ്പിണമാക്കിയ ”ഇന്ത്യന്‍ ബോംബ്” അമേരിക്കയെ ഞെട്ടിച്ച വാജ്‌പേയിയുടെ മേജര്‍ പൃഥിരാജും സംഘവും

പൊഖ്രാന്‍ 2- ചരിത്രത്തിന് ഇന്ന് 20 വയസ്സ്

20 കൊല്ലം മുമ്പ് ഈ ദിവസമാണ് ( മെയ് 11ന് ) പോഖ്രാനില്‍ ഇന്ത്യ രണ്ടാമത്തെ ആണവ ബോംബ് പരീക്ഷിച്ചത്. ”ബുദ്ധന്‍ വീണ്ടും ചിരിക്കുന്നു”എന്ന് പേരിട്ട ആ വലിയ പരീക്ഷണം ലോകത്തിന് മുന്നില്‍ ഇന്ത്യ നേടിയ വലിയ വിജയമായിരുന്നു. ലോകശക്തികളെന്ന് അഭിമാനിച്ചിരുന്ന അമേരിക്കയുടെ റഷ്യയുടേയും മുന്നില്‍ വികസ്വര രാജ്യമായ ഇന്ത്യ നിവര്‍ന്നു നിന്നു പുഞ്ചിരിച്ച നിമിഷങ്ങള്‍. അടല്‍ ബിഹാരി വാജ് പേയ്, എപിജെ അബ്ദുള്‍ കാലം, രാജഗോപാല്‍ ചിദംബരം എന്നി ഇന്ത്യന്‍ ഹീറോകള്‍ ഇന്ത്യന്‍ മുഖങ്ങളില്‍ അഭിമാനപുഞ്ചിരി പടര്‍ക്കിയ അനുഭവം ഇന്ത്യന്‍ ചരിത്രത്തിലെ കോരിത്തരിപ്പിക്കുന്ന മുഹൂര്‍ത്തമാണ്.

ഇതിന് മുമ്പ് 1974ല്‍ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ‘സ്മൈലിംഗ് ബുദ്ധ’ എന്ന പേരിലായിരുന്നു ഇന്ത്യ ആണവ ബോംബ് പരീക്ഷിച്ചത്.

രാജസ്ഥാനിലെ താര്‍ മരുഭൂമിയില്‍ ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞന്മാരായിരുന്ന രാജഗോപാല്‍ ചിദംബരവും എ.പി.ജെ.അബ്ദുള്‍ കലാമും പൊഖ്രാന്‍-2വിന്റെ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു. എ.പി.ജെ.അബ്ദുള്‍ കലാം അന്ന് ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡി.ആര്‍.ഡി.ഒ) തലവനായിരുന്നു. അതേസമയം രാജഗോപാല്‍ ചിദംബരം ആറ്റോമിക് എനര്‍ജി കമ്മീഷന്റെ ചെയര്‍മാനായിരുന്നു. ഇന്ത്യയിലെ ശാസ്ത്രജ്ഞന്മാരും എന്‍ജിനീയര്‍മാരും കുറെയേറെ ദിവസങ്ങള്‍ മരുഭൂമിയില്‍ ആയിരുന്നു താമസിച്ചത്.

ഭൂമിക്കടിയിലായിരുന്നു പൊഖ്രാന്‍-2 പരീക്ഷിച്ചത്. ഇതിനായി ഭൂമിക്കടിയിലേക്ക് നീളമുള്ള തുരങ്കം തുരക്കേണ്ടതായിരുന്നു. അതേസമയം വളരെ രഹസ്യമായിട്ടായിരുന്നു പൊഖ്രാന്‍-2 പരീക്ഷിച്ചത്. തുരങ്കം തുരക്കുന്നത് അമേരിക്കന്‍ ചാര സാറ്റലൈറ്റുകള്‍ കണ്ടെത്താതിരിക്കാന്‍ വേണ്ടി ഇവര്‍ ചില നിശ്ചിത സമയത്ത് സാറ്റലൈറ്റ് വേറെ ദിശയിലേക്ക് തിരിഞ്ഞിരിക്കുമ്പോള്‍ മാത്രമായിരുന്നു തുരന്നത്.

ശാസ്ത്രജ്ഞന്മാരുടെയും എന്‍ജിനീയര്‍മാരുടെയും വ്യക്തിത്വം അറിയാതിരിക്കാന്‍ അവര്‍ക്ക് വ്യാജ പേരുകളും ഐ.ഡി കാര്‍ഡുകളും നല്‍കിയിരുന്നു. അവര്‍ സൈന്യത്തിന്റെ വേഷമായിരുന്നു ധരിച്ചിരുന്നത്. എ.പി.ജെ.അബ്ദുള്‍ കലാമിന്റേ വ്യാജ പേര് മേജര്‍ ജനറല്‍ പൃഥ്വീരാജ് എന്നായിരുന്നു.

ഒര് ഫ്യൂഷന്‍ ബോംബുകളും രണ്ട് ഫിഷന്‍ ബോംബുകളുമായിരുന്നു പൊഖ്രാനില്‍ പരീക്ഷിച്ചത്. ഇത് കൂടാതെ മേയ് 13ന് രണ്ട് ഫിഷന്‍ ഉപകരണങ്ങളും പരീക്ഷിച്ചിരുന്നു.

‘സ്മൈലിംഗ് ബുദ്ധ’ പരീക്ഷിച്ച ഉടനെ തന്നെ ലോക രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ പരാമര്‍ശങ്ങളുമായി വന്നിരുന്നു. അത് പോലുള്ള പരാമര്‍ശങ്ങള്‍ നേരിടാതിരിക്കാന്‍ വേണ്ടിയാണ് പൊഖ്രാന്‍-2 രഹസ്യമായി പരീക്ഷിച്ചത്. ആര്‍മി കോര്‍പ്പ്സ് എന്‍ജിനീയര്‍മാരുടെ 58ാം റെജിമെന്റിനായിരുന്നു പരീക്ഷണ സ്ഥലം തയ്യാറാക്കാനുള്ള ചുമതല ലഭിച്ചത്. ഈ റെജിമെന്റിന്റെ കമാന്‍ഡര്‍ കേണല്‍ ഗോപാല്‍ കൗഷിക് ആയിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ ഉണ്ടായിരുന്നവര്‍ക്ക് പരീക്ഷണം നടത്താന്‍ വേണ്ടി വരുന്ന ശാസ്ത്രജ്ഞന്മാരുടെയും എന്‍ജിനീയര്‍മാരുടെയും വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ചുരുങ്ങിയ ഒരു സംഘം ശാസ്ത്രജ്ഞന്മാര്‍ക്കും മുതിര്‍ന്ന് സൈനിക ഉദ്യോഗസ്ഥന്‍മാര്‍ക്കും മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുമായിരുന്നു പൊഖ്രാന്‍-2വിന്റെ മൊത്തം വിശദാംശങ്ങള്‍ ഉണ്ടായിരുന്നത്.
1974 ലെ ഇന്ത്യയുടെ ആദ്യ അണുപരീക്ഷണത്തിനു പിന്നാലെ യുഎസ് ചാരസംഘടനയായ സിഐഎയുടെ മുഴുവന്‍സമയ നിരീക്ഷണപ്പട്ടികയില്‍ പൊഖ്‌റാനും ഇടം നേടിയിരുന്നു. വീണ്ടുമൊരു അണുപരീക്ഷണത്തിന് ഇന്ത്യയൊരുങ്ങുകയാണെന്ന സംശയത്തിലായിരുന്നു പിന്നീടു രണ്ടു ദശാബ്ദത്തോളം യുഎസ്, പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍. പക്ഷേ കണ്ണുനട്ട് കാത്തിരുന്നിട്ടും താര്‍ മരുഭൂമിയിലെ മണല്‍ക്കാട്ടില്‍ വീണ്ടുമൊരിക്കല്‍ കൂടി ഇന്ത്യ ‘ശക്തി’ തെളിയിച്ചത് തിരിച്ചറിയാന്‍ യുഎസിന് കഴിഞ്ഞില്ല. 1998 മേയ് 11 നു ഇന്ത്യ രണ്ടാം അണുപരീക്ഷണം നടത്തിയത് 24 വര്‍ഷം മുന്‍പ് സ്‌ഫോടനം നടത്തിയ അതേസ്ഥലത്തു തന്നെയായിരുന്നു എന്നതും ഇന്ത്യയുടെ ശക്തി വിളിച്ചോതി.

ഉച്ചയ്ക്ക് 3.45 നായിരുന്നു പരീക്ഷണം. ഒരു അണുവിഘടന(ഫിഷന്‍) ഡിവൈസ്, ഒരു ലോയീല്‍ഡ് ഡിവൈസ്, ഒരു താപ-ആണവ (തെര്‍മോ ന്യൂക്ലിയര്‍) ഡിവൈസ് എന്നിവയാണ് ഇന്ത്യ ആദ്യദിനം പരീക്ഷിച്ചത്. ഇവ മൂന്നും ഒരുമിച്ചു പരീക്ഷിച്ചു വിജയിച്ച ലോകത്തിലെ ആദ്യരാജ്യവുമായി മാറി ഇന്ത്യ. അണുപരീക്ഷണത്തെക്കുറിച്ച് ആകെ അറിയാവുന്ന ഒരേയൊരു രാഷ്ട്രീയ നേതാവ് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മാത്രമായിരുന്നു.
കേന്ദ്രമന്ത്രിസഭയിലെ മറ്റ് അംഗങ്ങളോടു പോലും പരീക്ഷണം വിജയിച്ച ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മേയ് 11നു വൈകിട്ട് ആറോടെ വാജ്‌പേയി മാധ്യമങ്ങളെ കണ്ടു. ലോകത്ത് ആണവപരീക്ഷണം നടത്തിയെന്നു പരസ്യമായി പ്രഖ്യാപിക്കുന്ന ആറാമത്തെ രാഷ്ട്രമായി അതോടെ ഇന്ത്യ. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ സാങ്കേതികവിദ്യ പരസ്പരം കൈമാറി പരീക്ഷണം നടത്തിയപ്പോള്‍ സാങ്കേതികവിദ്യ സ്വയം വികസിപ്പിക്കുകയാണ് ഇന്ത്യ ചെയ്തത്.

പരീക്ഷണത്തിനുപയോഗിച്ച ഷാഫ്റ്റിനു നല്‍കിയ പേര് ‘വൈറ്റ് ഹൗസ്’ എന്നായിരുന്നു. അണുബോംബ് പൊട്ടിച്ച ഷാഫ്റ്റിനെ വിളിച്ചത് ‘താജ്മഹല്‍’ എന്നും. മൂന്നാമത്തെ ഷാഫ്റ്റിന്റെ പേരായിരുന്നു – ‘കുംഭകര്‍ണന്‍’. പുരാണങ്ങളില്‍ മുഴുവന്‍ സമയവും ഭക്ഷണവും കഴിച്ച് ഉറങ്ങുന്ന ഭീകരരാക്ഷസന്റെ പേര്. ആരെങ്കിലും ഉറക്കത്തിനു തടസ്സം സൃഷ്ടിച്ചാല്‍ പിന്നെ അതിന്റെ കാരണക്കാരെ ഇല്ലാതാക്കിക്കളയും കുംഭകര്‍ണന്‍. തീവ്രത കുറഞ്ഞ സ്‌ഫോടനത്തിന് ഉപയോഗിച്ച് ഷാഫ്റ്റായിരുന്നു അത്. വര്‍ഷങ്ങളോളം ഉപയോഗിക്കാതെ ‘ഉറങ്ങിക്കിടന്ന’ ഷാഫ്റ്റ് കൂടിയായിരുന്നു അതെന്നത് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ രസികത വിളിച്ചോതുന്നു.
എ.ബി. വാജ്പേയി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7, റേസ് കോഴ്സിലേക്കു താമസം മാറ്റിയ ദിവസംതന്നെയായിരുന്നു ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ അണുപരീക്ഷണം. ഇതിന് മുമ്പ് 1974ല്‍ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ‘സ്മൈലിംഗ് ബുദ്ധ’ എന്ന പേരിലായിരുന്നു ഇന്ത്യ ആണവ ബോംബ് പരീക്ഷിച്ചത്.ബുദ്ധപൂര്‍ണിമ ദിനത്തിലായിരുന്നു ആദ്യ അണുപരീക്ഷണം. 24 വര്‍ഷത്തിനു ശേഷം മറ്റൊരു ബുദ്ധപൂര്‍ണിമയില്‍ നടത്തിയതിനാലാണു രണ്ടാം അണുപരീക്ഷണം ‘ബുദ്ധന്‍ വീണ്ടും ചിരിക്കുന്നു’ എന്നു വിശേഷിപ്പിക്കപ്പെടാന്‍ ഇടയാക്കിയത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.