”റംസാന്‍ കാലത്ത് ഭീകരര്‍ അടങ്ങിയിരിക്കുമോ?” തീവ്രവാദം അവസാനിക്കുമ്പോള്‍ മാത്രം സൈന്യം താഴ്‌വര വിടുമെന്ന് മെഹ്ബൂബയ്ക്ക് രാം മാധവിന്റെ മറുപടി

തീവ്രവാദം നില്‍ക്കുമ്പോള്‍ മാത്രമായിരിക്കും സൈന്യം ജമ്മു-കശ്മീര്‍ താഴ്‌വര വിടുന്നതെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്. രണ്ട് ദിവസം മുമ്പ് ജമ്മു-കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു രാം മാധവ്.

മേയ് 7, തിങ്കളാഴ്ച കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്കെതിരെ ചിലര്‍ കല്ലേറ് നടത്തിയ സംഭവത്തില്‍ ഒരു തമിഴ്‌നാടി സ്വദേശി കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ബുധനാഴ്ച എല്ലാ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി ഒരു ചര്‍ച്ച മെഹ്ബൂബ മുഫ്തി നടത്തിയിരുന്നു. ഇതിന് ശേഷം റംസാനും അമര്‍നാഥ് തീര്‍ത്ഥയാത്രയും വരുന്നത് കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് അവര്‍ പ്രസ്താവിച്ചു. ഇത് സ്ഥലത്തെ ജനങ്ങള്‍ക്ക് ഒരു ശാന്തമായ അന്തരീക്ഷം നല്‍കുമെന്നും അവര്‍ പറഞ്ഞു. ഇതിനെതിരെ പല ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. വെടിനിര്‍ത്തല്‍ എന്നുള്ളത് ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

വെടിനിര്‍ത്തല്‍ പോലുള്ള പദങ്ങള്‍ തന്നെ ഉപയോഗിക്കരുതെന്ന് രാം മാധവ് പറഞ്ഞു. റംസാന്‍ കാലത്ത് സൈന്യം താഴ്‌വരയില്‍ നിന്ന് നീങ്ങണമെന്ന് പറയുന്നത് തീവ്രവാദികള്‍ റംസാന്‍ കാലത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ ചെയ്യില്ലായെന്ന് സങ്കല്‍പിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. സൈന്യം ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും ചര്‍ച്ചകള്‍ നടത്താന്‍ സൈന്യം തയ്യാറാണെങ്കിലും തീവ്രവാദത്തെ ഉരുക്ക് മുഷ്ടിയോടെ കൈകാര്യം ചെയ്യുക എന്നുള്ളത് സൈന്യത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശ്രീനഗറിലെ പലയിടങ്ങളിലും നിരോധനാജ്ഞ നിലവില്‍ വന്നിട്ടുണ്ട്. ഞായറാഴ്ച ഷോപിയാന്‍ ജില്ലയില്‍ നടന്ന സംഘര്‍ഷത്തില്‍ 5 മുജാഹിദ്ദീന്‍ തീവ്രവാദികളും അഞ്ച് സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.