ഗോള്‍ വേട്ടയില്‍ മെസ്സിക്കൊപ്പമെത്തി, ഇനിയുള്ളത് ക്രിസ്റ്റ്യാനോ മാത്രം; ഇന്ത്യയുടെ അഭിമാനമായി തീര്‍ന്ന ഛേത്രിക്ക് അഭിനന്ദന പ്രവാഹം

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോളിന് അഭിമാനമായ  സുനില്‍ ഛേത്രിക്ക് അഭിനന്ദന പ്രവാഹം. അന്താരാഷ്ട്ര ഫുട്‌ബോളില്‍ 64 ഗോളുമായി ഛേത്രി ഗോള്‍വേട്ടയില്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയ്ക്ക് ഒപ്പമെത്തി. ദേശീയ ടീമിന് വേണ്ടി നിലവില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയിലാണ് ഛേത്രി മെസിക്കൊപ്പം രണ്ടാം സ്ഥാനത്തെത്തിയത്. 81 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ഇനി ഛേത്രിയ്ക്ക് മുന്നിലുള്ളത്.ഛേത്രിയെ അഭിനന്ദിച്ച് സച്ചിന്‍ അടക്കമുള്ള പ്രമുഖരാണ് ട്വീറ്ററിലൂടെ താരത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചത്. 

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിന്റെ ഫൈനലില്‍ കെനിയക്കെതിരെ നേടിയ ഇരട്ട ഗോളാണ് ഛേത്രിയെ നേട്ടത്തിലെത്തിച്ചത്. 102 മത്സരങ്ങളില്‍ നിന്നാണ് ഛേത്രിയുടെ നേട്ടം.

124 മത്സരത്തില്‍ നിന്നാണ് മെസി 64 ഗോളുകള്‍ നേടിയത്. ക്രിസ്റ്റ്യാനോ 150 മത്സരങ്ങളില്‍ നിന്നാണ് ഗോള്‍ നേട്ടം കൈവരിച്ചത്.

അതേസമയം, ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ കിരീടം ഇന്ത്യ സ്വന്തമാക്കി. കെനിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ കീഴടക്കിയത്. ആദ്യ പകുതിയില്‍ സുനില്‍ ഛേത്രി നേടിയ ഇരട്ടഗോളാണ് ഇന്ത്യയെ കിരീട നേട്ടത്തിലെത്തിച്ചത്.

 

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.