സുനില്‍ ഛേത്രി മെസിയെ മറികടന്നു, ഇനി മുന്നില്‍ ഒരു താരം മാത്രം , ഇന്റര്‍കോണ്ടിനെന്റല്‍ കിരീടം നേടിയ ആഹ്ലാദം പങ്കുവെച്ച് ക്യാപ്റ്റന്‍

മുംബൈ: ഇന്‍ര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനലില്‍ ടീം കിരീടം നേടിയതിനു തൊട്ടുപിന്നാലെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി.
‘ ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതിനും, ഗാലറി നിറച്ചതിനും ഞങ്ങള്‍ക്കുവേണ്ടി ആര്‍ത്തുവിളിച്ചതിനും നന്ദി. ഈ വിജയം നിങ്ങള്‍ക്കുള്ളതാണ്. താരങ്ങളും ടീം ഒഫീഷ്യല്‍സും ഒരുമിച്ചു നിന്നു. മുന്നോട്ടുള്ള പാത വളരെ നീളം കൂടിയതാണ്. ഞങ്ങള്‍ വീണ്ടും ഒന്നിച്ചുചേരും.’- ഛേത്രി ട്വിറ്റ് ചെയ്തു.

ഇന്നലെ നടന്ന ഫൈനലില്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോള്‍ മികവില്‍ കെനിയയെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഛേത്രിയുടെ രണ്ട് ഗോളുകളും മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു. ഇന്ത്യന്‍ താരം താപയുടെ ഫ്രീകിക്ക് ഗോള്‍ വലയില്‍ എത്തിച്ചാണ് ഛേത്രി ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോളാവട്ടെ ജിങ്കാന്റെ ക്രോസില്‍ നിന്നുമായിരുന്നു.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഗോള്‍ നേടിയ സുനില്‍ ഛേത്രി ഇതോടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ലയണല്‍ മെസ്സിയെ മറികടന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ഇപ്പോള്‍ ഗോളുകളുടെ എണ്ണത്തില്‍ താരത്തിന് മുന്നിലുള്ളത്.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 64 ഗോളുമായി ദേശീയ ടീമിന് വേണ്ടി നിലവില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയിലാണ് ഛേത്രി രണ്ടാം സ്ഥാനത്തെത്തിയത്. 81 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ഇനി ഛേത്രിയ്ക്ക് മുന്നിലുള്ളത്.

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിന്റെ ഫൈനലില്‍ കെനിയക്കെതിരെ നേടിയ ഇരട്ട ഗോളാണ് ഛേത്രിയെ നേട്ടത്തിലെത്തിച്ചത്. 102 മത്സരങ്ങളില്‍ നിന്നാണ് ഛേത്രിയുടെ നേട്ടം.124 മത്സരത്തില്‍ നിന്നാണ് മെസി 64 ഗോളുകള്‍ നേടിയത്. ക്രിസ്റ്റ്യാനോ 150 മത്സരങ്ങളില്‍ നിന്നാണ് ഗോള്‍ നേട്ടം കൈവരിച്ചത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.