പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ മര്‍ദ്ദിച്ചു, മന്ത്രി ഭര്‍ത്താവിനെതിരെ നടപടി എടുക്കാന്‍ നിര്‍ദ്ദേശിച്ച് സിപിഎം കേന്ദ്രനേതൃത്വം

ഡല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ മര്‍ദിച്ചുവെന്ന പരാതിയില്‍ മന്ത്രി കെ.കെ.ശൈലജയുടെ ഭര്‍ത്താവ് കെ.ഭാസ്‌കരനെതിരെ ഉടന്‍ നടപടിയെടുക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിനു നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. മുന്‍ മട്ടന്നൂര്‍ നഗരസഭാംഗവും പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമായ ഷീല രാജന്‍ നല്‍കിയ പരാതിയിലാണ് നടപടിയെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്നാണു കേന്ദ്രനേതൃത്വത്തിലേക്കു പരാതി എത്തിയത്. മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണു ഭാസ്‌കരന്‍.

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പു നടന്ന ഇക്കഴിഞ്ഞ എട്ടിനു വൈകിട്ടു പെരിഞ്ചേരി ബൂത്തിലാണു സംഭവം. ഓപ്പണ്‍ വോട്ടു സംബന്ധിച്ച തര്‍ക്കത്തിനിടെ ബൂത്തിലെത്തിയ കെ.ഭാസ്‌കരനോടു പോളിങ് ഉദ്യോഗസ്ഥരെപ്പറ്റി ഷീല പരാതി പറഞ്ഞപ്പോള്‍, ഭാസ്‌കരന്‍ ഷീലയുടെ നേരെ തിരിയുകയും ചീത്ത വിളിക്കുകയും തല്ലുകയും ചെയ്‌തെന്നാണു പരാതി.തുടര്‍ന്നു ഷീലയുടെ ഭര്‍ത്താവും ഇടതുസംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ നേതാവുമായ കെ.പി.രാജന്‍ സ്ഥലത്തെത്തി. ഭാസ്‌കരനും രാജനും തമ്മിലും വാക്കേറ്റമുണ്ടായി. പൊലീസില്‍ പരാതിപ്പെടാന്‍ ഷീല ശ്രമിച്ചെങ്കിലും പാര്‍ട്ടി നേതാക്കള്‍ പിന്തിരിപ്പിച്ചു. എന്നാല്‍ പാര്‍ട്ടിക്കു പരാതി നല്‍കുമെന്ന നിലപാടില്‍ ഷീല ഉറച്ചുനിന്നു.

്ദളിതരെ മര്‍ദിച്ച സംഭവമുണ്ടായാല്‍ ഇന്ത്യന്‍ പീനല്‍ കോഡിനു പുറമേ പട്ടികജാതി, പട്ടികവര്‍ഗ (ക്രൂരതകള്‍ തടയല്‍) നിയമം 1989 പ്രകാരം കേസെടുക്കണം എന്നാണു ചട്ടം. ഇത്തരം കേസുകളില്‍ പരാതി നല്‍കുന്നതു തടയുന്നതും കുറ്റകരമാണ്. പാര്‍ട്ടി നടപടി കൊണ്ട് മാത്രം വിഷയം ഒതുക്കാനാവില്ലെന്ന വിമര്‍ശനവും ഉയര്‍ന്ന് കഴിഞ്ഞു. കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടെ പാര്‍ട്ടി പ്രവരര്‍ത്തകയായ ദളിത് യുവതി മന്ത്രി ഭര്‍ത്താവിനെതിരെ പോലിസില്‍ പരാതിപ്പെടുന്നത് പാര്‍ട്ടിയ്ക്ക് വലിയ ക്ഷീണമുണ്ടാക്കും എ്ന്നതിനാല്‍ പരാതി പാര്‍ട്ടി തലത്തില്‍ ഒതുക്കുകയായിരുന്നു.

 

 

 

അഭിപ്രായങ്ങള്‍

You might also like More from author