ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ പരാതിക്കാരന് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തിന്റെ ഉത്തരവ്

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് സത്യന്‍ നരവൂരിന് സംരക്ഷണം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റ ഉത്തരവ്. വിസില്‍ ബ്ലോവേഴ്‌സ് സംരക്ഷണ നിയമ പ്രകാരമാണ് ഉത്തരവ്. (ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി നല്‍കുന്ന പൊതുപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിന് 2011-ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം) സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടുകൊണ്ടുള്ള കത്ത് കേന്ദ്രം ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് നല്‍കി.

സത്യന്‍ നരവൂരിന് സംരക്ഷണം നല്‍കേണ്ടതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് ഉത്തരവില്‍ പറയുന്നു. ഈ ഉത്തരവിനോടൊപ്പം ജേക്കബ് തോമസിനെതിരേയുള്ള പരാതികളില്‍ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കുവാനും കേന്ദ്രം അഭ്യന്തര സെക്രട്ടറി മുകേഷ് സാവ്‌നെ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് മൂന്നാം തവണയാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് കത്തയക്കുന്നത്.

ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയിലും സിബിഐയിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും സത്യന്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ സ്ഥാപിച്ചതിലും വകുപ്പിലേക്ക് വാഹനം വാങ്ങിയതിലും സര്‍വീസിലിരിക്കെ അവധിയെടുത്ത് പ്രൈവറ്റ് കോളെജില്‍ പഠിപ്പിക്കാന്‍ പോയി എന്നതിലും ക്രമക്കേട് ആരോപിച്ച് നല്‍കിയ എല്ലാ കേസുകളിലെയും പരാതിക്കാരന്‍കൂടിയാണ് സത്യന്‍ നരവൂര്‍.

കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായ സത്യന്‍ നരവൂര്‍ നിലവില്‍ കൂത്തുപറമ്പിലെ രാജീവ് ഗാന്ധി ഭവന നിര്‍മാണ സഹകരണം സംഘം പ്രസിഡന്റു കൂടിയാണ്. അഴീക്കല്‍ തുറമുഖത്ത് മണല്‍വാരാന്‍ അനുമതിയുള്ളത് 24 സഹകരണ സംഘങ്ങള്‍ക്കാണ്. ഈ സംഘങ്ങളുടെ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വവും സത്യന്‍ നരവൂരിനാണ്. ജേക്കബ് തോമസ് ഡറക്ടറായിരിക്കെ അനധികൃത മണല്‍വാരല്‍ നടക്കുന്നുണ്ടെന്ന് ആരോപിച്ച് ഈ സംഘങ്ങള്‍ക്ക് നല്‍കിയ അനുമതി റദ്ദാക്കി. ഇതോടെ, നിരവധി തൊഴില്‍ നഷ്ടമാവുകയും മണല്‍കടത്ത് സഹകരണ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സത്യന്‍ നരവൂര്‍ തുറമുഖ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി കെ. ബാബുവിന് പരാതി നല്‍കി. ജേക്കബ് തോമസിന്റെ നടപടിയില്‍ ക്രമക്കേടുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് തീരുമാനം റദ്ദാക്കി കെ. ബാബു സഹകരണ സംഘങ്ങള്‍ക്ക് മണല്‍ വാരാനുള്ള ലൈസന്‍സ് പുനഃസ്ഥാപിച്ചുകൊടുത്തു. തുടര്‍ന്ന്, തുറമുഖ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് തന്നെ ജേക്കബ് തോമസിനെ മാറ്റുകയും ചെയ്തു. മണല്‍ വാരാനുള്ള ലൈസന്‍സ് കെ ബാബു മന്ത്രിയായപ്പോള്‍ തിരിച്ചുകിട്ടിയെങ്കിലും ജേക്കബ് തോമസിന്റെ ക്രമക്കേടുകള്‍ക്കെതിരേയുള്ള പോരാട്ടം സത്യന്‍ നരവൂര്‍ അവസാനിപ്പിച്ചില്ല.

അഭിപ്രായങ്ങള്‍

You might also like More from author