ചെന്നൈ ഫിലിം ഫെസ്റ്റിവലില്‍ ദേശീയഗാനാലാപന സമയത്ത് എഴുന്നേല്‍ക്കാതിരുന്നതിന് അറസ്റ്റിലായവരില്‍ മലയാളിയും, പോലിസ് എത്തും മുമ്പ് യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചവശനാക്കിയെന്നും പരാതി

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന വടപളനി ഫോറം മാളിലെ പളാസോ തിയേറ്റില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാത്തതിന് അറസ്റ്റിലായവരില്‍ മലയാളി വിദ്യാര്‍ത്ഥിയും. കോട്ടയം സ്വദേശിയും ലയോള കോളേജ് ബി.കോം. വിദ്യാര്‍ത്ഥിയുമായ ബിജോയ് ജോണ്‍ ആണ് അറസ്റ്റിലായത്. ബിജോയ്ക്ക് ഒപ്പം രണ്ട് പേരെ കൂടി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഐ.(എം.എല്‍) പ്രവര്‍ത്തക ശ്രീല, ഇവരുടെ അമ്മ ശുഭശ്രീ (60) എന്നിവരാണ് അറസ്റ്റിലായത്.

വടപളനി പൊലീസ് കേസെടുത്തു. ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്ത ബിജോയിയെ കാണികള്‍ കൈകാര്യം ചെയ്തിരുന്നു. അതിന് ശേഷമാണ് പൊലീസ് എത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം

അതേസമയം, മറ്റുകാണികളും വൊളന്റിയര്‍മാരും തന്നെ മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജോയ് ജോണ്‍ നല്‍കിയ പരാതി പോലിസ് സ്ീകരിച്ചില്ലെന്നും പരാതിയുണ്ട്. നേരത്തെ കാണികള്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതിനെ തുടര്‍ന്നാണ് ബിജോയ്ക്ക് മര്‍ദ്ദനമേറ്റത്. ദേശീയഗാനാലാപനത്തിനിടെ എഴുന്നേറ്റില്ല എന്നാരോപിച്ച് കഴിഞ്ഞ ചൊവ്വാഴ്ചയും ബിജോയ് ജോണിനുനേരേ ഒരുസംഘം പ്രതിഷേധമുയര്‍ത്തിയിരുന്നു. പളാസോ തിയേറ്ററില്‍ വിദേശസിനിമ തുടങ്ങുന്നതിനുമുമ്പായാണ് ദേശീയഗാനമുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് സിനിമാപ്രദര്‍ശനം അല്‍പ്പനേരം തടസ്സപ്പെട്ടു.

ദേശീയഗാനാലപനം തുടങ്ങിയപ്പോള്‍ മൂവരും എഴുന്നേറ്റില്ല. ഇത് കണ്ട മറ്റുള്ളവര്‍ ചോദ്യം ചെയ്തു. ഇതോടെ തങ്ങളുടെ നിലപാടിനെ ശ്രീല പ്രതിരോധിക്കുന്ന വാദങ്ങള്‍ നിരത്തി. ഇതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ബിജോയിയെ എല്ലാവരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി. ദേശീയ ഗാനത്തെ അവഹേളിച്ചതിന് മൂവരേയും അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.

അഭിപ്രായങ്ങള്‍

You might also like More from author