ഗതാഗത കുരുക്കുണ്ടാക്കിയത് ചോദ്യം ചെയ്ത ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥന് സി.പി.എം നേതാക്കളുടെ മര്‍ദ്ദനം


തൊടുപുഴ: റോഡില്‍ ഗതാഗത കുരുക്കുണ്ടാക്കിയത് ചോദ്യം ചെയ്ത ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥന് സി.പി.എം നേതാക്കളുടെ മര്‍ദ്ദനം. കുമളിയില്‍ ശബരിമല ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.എസ് ഷാജിയെയാണ് വണ്ടന്മേട് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ആക്രമിച്ചത്. കുമളി വണ്ടന്മേട് ജംങ്ഷനില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം.

വണ്ടന്മേട് ഫോറസ്റ്റ് സ്‌റ്റേഷന് സമീപം ട്രാഫിക്ക് ജോലിയിലേര്‍പ്പെട്ട ഷാജി റോഡിനു നടുവില്‍ ഉണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി എത്തിയപ്പോഴാണ് സംഭവത്തിന്റെ തുടക്കം. ഗതാഗതക്കുരുക്ക് സൃഷ്ടിച്ച ലോക്കല്‍ സെക്രട്ടറിയുടെ ആള്‍ട്ടോ കാര്‍ റോഡിനു വശത്തേക്ക് ഒതുക്കിയിടാന്‍ പറഞ്ഞതിന് വാഹനത്തിലുണ്ടായിരുന്ന നേതാക്കള്‍ പോലീസ് ഉദ്യോഗസ്ഥനു മേല്‍ തട്ടിക്കയറുകയായിരുന്നു. കാറില്‍ നിന്ന് വെളിയില്‍ ഇറങ്ങിയ മറ്റു നേതാക്കളും പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥന് നേരെ കൈയോങ്ങി വന്നപ്പോള്‍ ഷാജി തന്നെ വാഹനം മാറ്റി ഗതാഗതം പുനഃ സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകൊടുത്തില്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി അവര്‍ മടങ്ങുകയായിരുന്നു.

പിന്നീട് ഡ്യൂട്ടിക്കിടെ വസ്ത്രം മാറാന്‍ റൂമിലേക്ക് കയറിയ ഷാജിയെ പിന്നാലെ വന്ന സി.പി.എം നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘം റൂമിനകത്തേക്ക് തള്ളിക്കയറ്റി കൂട്ടമായി മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ തലയ്ക്കും കാലിനും സാരമായ പരുക്കുണ്ട്.

റോഡിനു നടുവില്‍ നിന്ന് കാര്‍ ഒതുക്കിയിട്ടതിലുള്ള അമര്‍ഷമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് ഷാജി പറയുന്നു. പരുക്കേറ്റ ഷാജി ഇപ്പോള്‍ കാരിക്കോട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

അഭിപ്രായങ്ങള്‍

You might also like More from author