തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: അവിദഗ്ദ്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പ് നല്‍കുന്ന മഹാത്മ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയിമെന്റെ് ഗ്യാറണ്ടി സ്‌കീമില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതു പ്രകാരം വ്യത്യസ്ഥ നിറങ്ങളിലായുള്ള തൊഴില്‍ കാര്‍ഡാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. തൊഴില്‍ നൈപുണ്യവും, പ്രദേശവുമനുസരിച്ച് പച്ച, നീല, ഇളം നീല നിറങ്ങളില്‍ ലഭ്യമാക്കുന്ന കാര്‍ഡില്‍ വ്യക്തിഗത വിവരങ്ങളും ഉള്‍പ്പെടുത്തും. പുതിയ കാര്‍ഡ് പത്ത് ദിവസത്തിനുള്ളില്‍ ലഭ്യമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പഴയ മുപ്പത്തി രണ്ട് പേജുള്ള കാര്‍ഡുകള്‍ക്ക് പകരം അമ്പത്തി രണ്ട് പേജിന്റെ കാര്‍ഡാണ് തൊഴിലാളികള്‍ക്ക് ലഭ്യമാകുക. മുന്നുവര്‍ഷമായി കാര്‍ഡ് ഉപയോഗിക്കാത്തവരെ പദ്ധതിയില്‍ നിന്ന് മാറ്റി നിറുത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കാര്‍ഡില്‍ തൊഴിലാളികളുടെ കുടുംബത്തിലെ അംഗങ്ങളുടെ വിവരങ്ങളും ഉള്‍പ്പെടുത്തുന്നുണ്ട്. ഗോത്രമേഖലയില്‍ ഉള്ളവര്‍ക്ക് പച്ച കാര്‍ഡും വൈദഗ്ദ്ധ്യമുള്ള പുരുഷന്‍മാര്‍ക്ക് ഇളം നീല കാര്‍ഡും, മറ്റുള്ളവര്‍ക്ക് നീല കാര്‍ഡും ലഭിക്കും. ആദിവാസികള്‍ക്ക് തൊഴില്‍ ലക്ഷ്യമിടുന്ന പദ്ധതിയില്‍, നൂറു ദിവസം നിര്‍ബന്ധ തൊഴില്‍ ഉറപ്പാക്കും. വിവാഹതരായി മറ്റ് ഗ്രാമങ്ങളിലേക്ക് പോകുന്ന സ്ത്രീകള്‍ക്ക് ആ പ്രദേശത്തും തൊഴില്‍ ലഭ്യമാകുന്ന മാറ്റങ്ങളാണ് പദ്ധതിയില്‍ വരുത്തിയിട്ടുള്ളത്.

ബാങ്കുകള്‍ മുഖേന വേതനം ലഭ്യമാക്കുവാനും, തോട്ട മേഖലയിലേക്ക് പദ്ധതി വ്യാപിപ്പിക്കുവാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. പുതിയ കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിലൂടെ തൊഴില്‍ രഹിതരുടെ എണ്ണം കണക്കാക്കുവാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം.

അഭിപ്രായങ്ങള്‍

You might also like More from author