നോട്ട് അസാധുവാക്കല്‍; കള്ളപ്പണം പുറത്തെത്തിയെന്നു കണക്കുകളില്‍ നിന്ന് വ്യക്തമെന്ന് കുമ്മനം രാജശേഖരന്‍

തൃശൂര്‍: പാര്‍ലമെന്റ് ധനകാര്യ കമ്മിറ്റിക്കു റിസര്‍വ് ബാങ്ക് നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നത് കള്ളപ്പണം പുറത്തെത്തി എന്നു തന്നെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. തിരിച്ചെത്തിയതില്‍ നാലു ലക്ഷം കോടി കള്ളപ്പണമാണെന്നാണ് കണക്കുകള്‍.

നവംബര്‍ എട്ടിനു ശേഷം രണ്ടു ലക്ഷം രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ ഏഴര ലക്ഷം കോടിയുടേതാണ്. നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ 25,000 കോടിയാണ് നിക്ഷേപിക്കപ്പെട്ടത്. ഗ്രാമീണ, സഹകരണ ബാങ്കുകളില്‍ നവംബര്‍ എട്ടിനു ശേഷം 13,000 കോടിയുടെ നിക്ഷേപം നടന്നിട്ടുണ്ട്. ലോണ്‍ തിരിച്ചടവായി 80,000 കോടി രൂപ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ വന്‍ വിജയമാണെന്നാണ് ഈ കണക്കുകള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ കണക്കുകള്‍ എല്ലാം പുറത്തുവന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റവിചാരണ ചെയ്യുമെന്നാണ് കോടിയേരി പറയുന്നത്. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ സാധാരണ ജനങ്ങളുടെ ജീവിതഭാരം കുറയ്ക്കുകയും വലിയ ആശ്വാസം നല്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അതിനെതിരെ നുണപ്രചാരണം നടത്തുന്ന കോടിയേരിയെയാകും ജനങ്ങള്‍ വിചാരണ ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ബിജെപി സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ കള്ളപ്പണ മാഫിയയും അവര്‍ക്കൊപ്പം നില്‍ക്കുന്നവരും ഇതോടെ വിഭ്രാന്തിയിലാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

അഭിപ്രായങ്ങള്‍

You might also like More from author