കശ്മീരില്‍ സ്ഥിരതാമസമാക്കിയ വിദേശികളുടെ എണ്ണം ഇരട്ടിയായി, കൂടുതലും മ്യാന്‍മറില്‍ നിന്നുള്ള റോഹിങ്ക്യ മുസ്ലീങ്ങള്‍

എട്ട് വര്‍ഷത്തിനുള്ളില്‍ കശ്മീരില്‍ സ്ഥിരതാമസമാക്കിയ വിദേശികളുടെ എണ്ണം ഇരട്ടിയായി, കൂടുതലും മ്യാന്‍മറില്‍ നിന്നുള്ള റോഹിങ്ക്യ മുസ്ലീങ്ങള്‍

ജമ്മു: 2008-2016 കാലഘട്ടത്തിനുള്ളില്‍ ജമ്മു കശ്മീരില്‍ സ്ഥിരതാമസമാക്കിയ മറ്റ് രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവരുടെ എണ്ണം 6000 ല്‍ നിന്ന് 13700 ആയി ഉയര്‍ന്നതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. മ്യാന്മാറില്‍ നിന്നുള്ള റോഹിങ്ക്യ മുസ്ലീങ്ങളും ടിബറ്റന്‍സും ഇതില്‍ ഉള്‍പ്പെടുന്നു. ജനുവരി 6 ലെ കണക്കുപ്രകാരം 6322 വിദേശികളെ കൂടാതെ 13433 റോഹിങ്ക്യകളും ടിബറ്റുകാരും ഇവിടെ സ്ഥിര താമസമാക്കിയെന്ന് നിയമസഭയില്‍ ബിജെപി എംഎല്‍എ രാജേഷ് ഗുപ്തയുടെ ചോദ്യത്തിനു മറുപടിയായി മെഹബൂബ മുഫ്തി പറഞ്ഞു.

2008-ല്‍ 7093 വിദേശികളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ 2014-ല്‍ അത് 12560 ഉം 2016-ല്‍ 13755 ഉം ആയി ഉയര്‍ന്നു. ഇതില്‍ 5743 പേര്‍ റോഹിങ്ക്യകളും 7690 പേര്‍ ടിബറ്റുകാരും 322 പേര്‍ മറ്റ് വിദേശികളുമാണ്. വിദേശികള്‍ കുടിയേറി വന്ന് ജമ്മുവിലും സാംബയിലും സ്ഥിരതാമസമാക്കിയവരാണെന്ന് മുഫ്തി പറഞ്ഞു.

റോഹിന്‍ങ്ക്യകള്‍ക്കെതിരായി ഇതുവരെ അക്രമങ്ങളൊന്നും പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അനധികൃതമായി അതിര്‍ത്തി കടന്നതുമായി ബന്ധപ്പെട്ട് 38 റോഹിന്‍ങ്ക്യകള്‍ക്കെതിരെ 17 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

അഭിപ്രായങ്ങള്‍

You might also like More from author