സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ച് എസ്എഫ്‌ഐ ക്രൂരത: ‘ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയടക്കമുള്ള സംഘം മുറി പൂട്ടിയിട്ട ശേഷം അര മണിക്കൂറോളം മര്‍ദ്ദിച്ചു’ ചികിത്സയില്‍ കഴിയുന്ന ദളിത് വിദ്യാര്‍ത്ഥിയ്ക്ക് പറയാനുള്ളത്

 

കോട്ടയം: എംജി യൂണിവേഴ്സിറ്റി ക്യാമ്പസ് ഹോസ്റ്റലില്‍ എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ ദളിത് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു.അംബേദ്കര്‍ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിനും, ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ പിന്തുണച്ച് കൂട്ടായ്മ രൂപീകരിക്കാന്‍ ശ്രമിച്ചതിനുമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് വിവേക് കുമാരന്‍ പറയുന്നു. എസ്എഫ്ഐ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തിന് ഇരയായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ് വിവേക് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അടങ്ങുന്ന സംഘമാണ് മുറിയിലെത്തി തന്നെ മര്‍ദ്ദിച്ചതെന്നും വിവേക് പറയുന്നു.
എംജി സര്‍വ്വകലാശാല ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ചു കയറിയ എസ്എഫ്ഐ പ്രവര്‍ത്തകരായ നാലംഗ സംഘം മുറി പൂട്ടിയിട്ടതിനു ശേഷം വിവേകിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്സില്‍ എംഫില്‍ വിദ്യാര്‍ത്ഥിയാണ് കാലടി സ്വദേശിയായ വിവേക് കുമാരന്‍. അംബേദ്കര്‍ സ്റ്റുഡന്റ്സ് മൂവ്മെന്റ് എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ചായിരുന്നു കമ്പിവടിയടക്കമുള്ള മാരകായുധങ്ങളുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുറിക്കുള്ളില്‍ എത്തിയത് മുറിയിലുണ്ടായിരുന്ന പുസ്തകങ്ങളും നശിപ്പിച്ചു. ജാതിപ്പേര് വിളിച്ച് മര്‍ദ്ദിക്കുകയും പരാതിപ്പെട്ടാല്‍ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി വിവേക് പറയുന്നു.

വിവേക് ബോധം നഷ്ടപ്പെട്ടു വീണതോടെയാണ് അര മണിക്കൂറോളം അക്രമം നടത്തിയ സംഘം മടങ്ങിയത്. ശബ്ദം കേട്ട് ഓടിയെത്തിയ സഹപാഠികളാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതര പരിക്കുകളോടെ സര്‍ജിക്കല്‍ വിഭാഗത്തില്‍ ചികിത്സയിലാണ് വിവേക്. വിവേകിന്റെ മൊഴിയെടുത്ത ഗാന്ധിനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പറയനും പുലയനും പഠിക്കാന്‍ വന്നാ പഠിച്ചിട്ടങ്ങു പോയാമതി. നീയൊക്കെ ഇത് ഫേസ്ബുക്കില്‍ ഇട്ടാല്‍ നിന്നെയൊക്കെ ഇവിടെ തല്ലിക്കൊന്നിടും. ഒരു പട്ടിയും ചോദിക്കാന്‍ വരില്ല. പരാതിപ്പെട്ടാല്‍ പിന്നെയീ ക്യാംപസില്‍ നിന്നെ പഠിപ്പിക്കില്ല. എന്നിങ്ങനെയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കൊലവിളി. മര്യാദയ്ക്ക് ജീവിച്ചില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും വിവേക് പരാതിയില്‍ പറയുന്നു.
എംജി സര്‍വകലാശാലാ ക്യാപസില്‍ ബദല്‍ ശബ്ദങ്ങള്‍ ഉണ്ടാവുന്നു എന്നു തോന്നുമ്പോഴെല്ലാം വിദ്യാര്‍ത്ഥികളെ തെരഞ്ഞു പിടിച്ച് സംഘം ചേര്‍ന്നു മര്‍ദ്ദിക്കുമെന്നാണ് ആക്ഷേപം. ഭയപ്പെടുത്തി അനുസരിപ്പിക്കുകയാണ് നയം. ഒരിടപെടലും ക്യാംപസില്‍ എസ്എഫ്ഐ അനുവദിക്കില്ലെന്നും വിവേകും കൂട്ടുകാരും കുറ്റപ്പെടുത്തുന്നു.

അഭിപ്രായങ്ങള്‍

You might also like More from author