മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന ബിഎസ്എഫ് ജവാന്റെ പരാതി; പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി

ഡല്‍ഹി: അതിര്‍ത്തി രക്ഷാസേനയിലെ (ബിഎസ്എഫ്) ജവാന്മാര്‍ക്കു മോശം ഭക്ഷണമാണു നല്‍കുന്നതെന്ന ജവാന്റെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി. തേജ് ബഹാദുര്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോ ആഭ്യന്തര മന്ത്രാലയം പരിശോധിക്കുകയാണ്. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം 29 ബറ്റാലിയനിലെ തേജ് ബഹാദുര്‍ യാദവ് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത വിഡിയോയിലാണ് സൈനികര്‍ക്ക് മോശമായ ആഹാരമാണ് നല്‍കുന്നതെന്ന് ആരോപിച്ചത്.

മിക്കപ്പോഴും രാത്രികളില്‍ ഭക്ഷണം കഴിക്കാതെയാണ് കിടക്കാന്‍ പോകുന്നതെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഭക്ഷണ സാധനങ്ങളടക്കമുള്ളവ മറിച്ചുവില്‍ക്കുകയാണെന്നും തേജ് ബഹാദുര്‍ ആരോപിച്ചിരുന്നു. തേജ് ബഹാദൂറിന്റെ വിഡിയോക്ക് വലിയ പ്രതികരണമാണ് ഉണ്ടായത്. എന്നാല്‍ തേജ് ബഹാദുര്‍ അച്ചടക്ക നടപടി നേരിടുന്നയാളെന്നായിരുന്നു സൈന്യത്തിന്റെ പ്രതികരണം.

അതേസമയം, സത്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ തന്റെ ഭര്‍ത്താവിനെ അധികൃതര്‍ ലക്ഷ്യമിട്ടിരിക്കുകയാണെന്ന് തേജ് ബഹാദൂറിന്റെ ഭാര്യ പ്രതികരിച്ചു. വിഡിയോ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിച്ചതിനു പിന്നാലെ, തേജിനെ നിയന്ത്രണരേഖയില്‍ നിന്നു രജൗറിയിലെ ബറ്റാലിയനിലേക്ക് മാറ്റി. ഭര്‍ത്താവ് ചെയ്തത് ശരിയാണ്. അദ്ദേഹം സംസാരിച്ചത് സൈനികര്‍ക്ക് വേണ്ടിയാണ്. മാന്യമായ ഭക്ഷണം ചോദിക്കുന്നത് കുറ്റമാണോ? അദ്ദേഹം സത്യാവസ്ഥയാണ് തുറന്നു കാണിച്ചതെന്നും തേജിന്റെ ഭാര്യ ശര്‍മിള പറഞ്ഞു.

അഭിപ്രായങ്ങള്‍

You might also like More from author