റെയില്‍വെ പോര്‍ട്ടറില്‍ നിന്ന് വില്ലേജ് അസിസ്റ്റന്റിലേക്ക്.. ഇത് ഡിജിറ്റല്‍ ഇന്ത്യയുടെ വിജയകഥ, ശ്രീകാന്തിന്റേയും

2013 മുതല്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ റെയില്‍വേ പോര്‍ട്ടറായി ജോലിനോക്കുന്ന യുവാവാണ് കെ ശ്രീകാന്ത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശ്രീകാന്ത് കുടുംബപ്രാരാബ്ധങ്ങളുടെ നടുവില്‍ കൂടുതല്‍ പഠിയ്ക്കാനുള്ള അവസരങ്ങളില്ലാതെ റെയില്‍വേ പോര്‍ട്ടറായി കിട്ടിയ ജോലി സ്വീകരിയ്ക്കുകയായിരുന്നു.

മറ്റുള്ളവരെപ്പോലെ സ്വന്തം ജീവിതവും മെച്ചപ്പെടുത്തണമെന്ന് എന്നും ആഗ്രഹിച്ചിരുന്ന ശ്രീകാന്തിന്റെ സ്വപ്നവും ഒരു സര്‍ക്കാരുദ്യോഗമായിരുന്നു. പക്ഷേ റെയില്‍വേ പോര്‍ട്ടറായി ജോലിചെയ്ത് പിഎസ്സീ പരീക്ഷകള്‍ക്ക് പഠിയ്ക്കാനൊന്നും സമയമുണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് 140 കിലോമീറ്ററകലെയുള്ള ജോലിസ്ഥലത്തുനിന്ന് ജോലികഴിഞ്ഞ് വീട്ടിലെത്തിയാലും പഠിക്കാന്‍ സൗകര്യമുണ്ടായിരുന്നില്ല.

രണ്ടായിരത്തിപ്പതിനാറില്‍ കേന്ദ്രഗവണ്മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യാ വിപ്‌ളവത്തിന്റെ ഭാഗമായി എറണാകുളം സ്റ്റേഷനിലും സൗജന്യ വൈഫൈ സൗകര്യങ്ങളെത്തി. നമ്മളില്‍ മിയ്ക്കവരും സൗജന്യ വൈഫൈ പാട്ടുകേള്‍ക്കാനും സിനിമകാണാനും ഉപയോഗിച്ച് സമയം കളഞ്ഞപ്പോള്‍ ശ്രീകാന്തിന്റെ ജീവിതം തന്നെ മാറ്റിമറിയ്ക്കുകയായിരുന്നു ഡിജിറ്റല്‍ ഇന്ത്യ.

സൗജന്യ വൈഫൈ ഉപയോഗിച്ച് ശ്രീകാന്ത് പീഎസ്സീ പരീക്ഷ ചോദ്യോത്തരങ്ങളുടേയും പരീക്ഷാ സഹായിയുടേയും ശബ്ദരേഖ തന്റെ സ്മാര്‍ട്ട്‌ഫോണിലേയ്ക്ക് ഡൗണ്‍ലോഡ് ചെയ്ത് ജോലിസമയത്ത് ഇയര്‍ഫോണുകള്‍ ഉപയോഗിച്ച് കേട്ടുകൊണ്ട് പണിയെടുത്തു. ഒഴിവുസമയത്ത് വീഡിയോകള്‍ ഡൗന്‍ലോഡ് ചെയ്തും പഠിച്ചു. ഒന്‍പത് മാസം മുന്‍പുണ്ടായ വില്ലേജ് അസിസ്റ്റന്റ് പരീക്ഷയില്‍ എണ്‍പത്തിരണ്ട് മാര്‍ക്ക് വാങ്ങി റാങ്ക്‌ലിസ്റ്റില്‍ കയറിയിരിയ്ക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

സാങ്കേതികവിദ്യയുടെ അതിപ്രസരം വെറുതേ സമയം കളയാനുപയോഗിയ്ക്കുന്ന യുവതലമുറയുടെ മുന്നില്‍ ഡീജിറ്റല്‍ ഇന്ത്യാ വിപ്‌ളവത്തിനെ തന്റെ പരിമിതമായ ജീവിത സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള ആയുധമായി ഉപയോഗിച്ച് ജീവിതവിജയം നേടിയ ശ്രീനാഥിനെപ്പോലെയുള്ളവര്‍ മാതൃകയാണ്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.