ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തിയ കേസ് , രാഹുലിനെതിരെ കുറ്റം ചുമത്തി

ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ഗാന്ധിക്കെതിരെ കുറ്റം ചുമത്തി. കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്ന് ഭീവണ്ടിയിലെ കോടതിയില്‍ ഹാജരായിരുന്നു. ഇന്ത്യന്‍ ശിക്ഷ നിയമം 499, 500 വകുപ്പുകള്‍ അനുസരിച്ചാണ് കുറ്റം ചുമത്തിയിട്ടുള്ളത്. അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയിട്ടില്ലെന്ന് രാഹുല്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു.

മഹാത്മാഗാന്ധിയെ കൊന്നത് ആർ.എസ്.എസുകാരാണ് എന്ന് പ്രസംഗിച്ചതിനാണ് ഭീവണ്ടിയിലെ ആർ.എസ്.എസ്. പ്രവർത്തകൻ രാജേഷ് കുണ്ടേ രാഹുലിനെതിരേ കേസുകൊടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ രാഹുൽ അപ്പീൽ നൽകിയിരുന്നെങ്കിലും അത് പിൻവലിച്ച് വിചാരണ നേരിടാൻ തീരുമാനിക്കുകയായിരുന്നു.

ഇതിനുശേഷം ഭീവണ്ടിയിലെ കോടതിയിൽ ഹാജരായി അദ്ദേഹം ജാമ്യമെടുക്കുകയും ചെയ്തു. ഈ കേസിൽ ഏപ്രിൽ 23-ന് വീണ്ടും ഹാജരാകേണ്ടതായിരുന്നെങ്കിലും രാഹുലിന്റെ അഭിഭാഷകനാണ് കോടതിയിലെത്തിയത്. ജൂൺ 12-ന് നേരിട്ട് ഹാജരാകാൻ അന്ന് കോടതി രാഹുലിനോട് ആവശ്യപ്പെടുകയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ 2014 മാർച്ച് ആറിനാണ് ഭീവണ്ടിയിൽ രാഹുൽ ഗാന്ധി ആർ.എസ്.എസിനെതിരേ പ്രസംഗിച്ചത്. ‘ആർ.എസ്.എസുകാരാണ് ഗാന്ധിജിയെ കൊന്നത്. എന്നിട്ട് ഇന്ന് അവരുടെ ആൾക്കാർ ഗാന്ധിജിയെപ്പറ്റി പറഞ്ഞുനടക്കുകയാണ്’ എന്നായിരുന്നു പരാമർശം. കോൺഗ്രസ് നേതാവും മുൻരാഷ്ട്രപതിയുമായ പ്രണബ് മുഖർജി ആർ.എസ്.എസ്. ആസ്ഥാനത്തെ ചടങ്ങിൽ പങ്കെടുത്തതിനുപിന്നാലെയാണ് ആർ.എസ്.എസിനെതിരായ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് അധ്യക്ഷൻ കോടതികയറുന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.