എന്താ ചാണ്ടിക്ക് കൊമ്പുണ്ടോ? എന്ന ചോദ്യവുമായി പി ജെ കുര്യന്‍; ഉണ്ടെന്ന് എ ഗ്രൂപ്പ്; വീഴ്ച പറ്റിയെന്ന് സമ്മതിച്ച് ചെന്നിത്തലയും

തിരുവനന്തപുരം: രാജ്യസഭാസീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ തീരുമാനത്തില്‍ വീഴ്ച പറ്റിയെന്ന് തുറന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗം ചേരിതിരിവിലേക്കും വാക്പോരിലേക്കും കടന്നുവെങ്കിലും പരസ്യപ്രസ്താവന വിലക്കി കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിക്കുള്ളില്‍ താത്കാലികമായി സംയമനം പാലിക്കല്‍ പ്രഖ്യാപിച്ചു.

യോഗത്തില്‍ ഉണ്ടായ വിമര്‍ശനങ്ങളില്‍ ഏറിയ പങ്കും മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിക്കെതിരെയായിരുന്നു. രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യാതെ ഉമ്മന്‍ചാണ്ടി സ്വന്തം തീരുമാനം നടപ്പിലാക്കുകയായിരുന്നുവെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ ആരോപിച്ചു.

ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്ക് വിളിക്കുമ്പോള്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയെന്ന രീതിയില്‍ കെ.സി വേണുഗോപാലിനേയും മുന്‍ കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയ്ക്ക് കെ.മുരളീധരനേയും വി.എം സുധീരനേയും വിളിക്കേണ്ടതുണ്ട്. ഉമ്മന്‍ചാണ്ടിക്കെന്താ കൊമ്പുണ്ടോയെന്നും പി.ജെ കുര്യന്‍ ചോദിച്ചു 

തീരുമാനം തെറ്റായിപ്പോയെങ്കിലും ഉമ്മന്‍ചാണ്ടിയെ പരിധിവിട്ട് വിമര്‍ശിച്ചപ്പോള്‍ പ്രതിരോധിച്ച് എ ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തി. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സാധാരണ ജനങ്ങള്‍ക്കിടയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടെന്ന് തന്നെയാണ് തങ്ങളുടെ അഭിപ്രായമെന്നും ചേരി തിരിഞ്ഞ് അക്രമിച്ചാല്‍ പ്രതിരോധം നേരിടേണ്ടി വരുമെന്നും എ ഗ്രപ്പ് നേതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കി. 

സംഭവം കൈവിട്ട് പോവുന്നുവെന്ന് കണ്ടതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ രംഗത്ത് വരികയും തീരുമാനം വലിയ വീഴ്ചയാണെന്ന് തന്നെ സമ്മതിക്കുകയും ചെയ്തു. ഭാവിയില്‍ ഇത്തരം നയപരമായ തീരുമാനം രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷമേ ഉണ്ടാകൂവെന്നും ചെന്നിത്തല വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം പ്രവര്‍ത്തകരോ നേതാക്കളോ നടത്തരുതെന്നും നിര്‍ദേശിച്ചു.

കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് വഴിവെച്ച രാജ്യസഭാ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് രാഷ്ട്രീയകാര്യ സമിതിയില്‍ തനിക്കെതിരേ രൂക്ഷവിമര്‍ശനം ഉണ്ടാവുമെന്നറിഞ്ഞ് ഉമ്മന്‍ചാണ്ടി ഇന്ന് യോഗത്തില്‍ പങ്കെടുക്കാതെ ഹൈദരാബാദിലേക്ക് തിരിച്ചു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.