നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ വീണ്ടുമെത്തുന്നു; അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ‘കൂടെ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

 

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ വീണ്ടുമെത്തുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന
‘കൂടെ’
എന്ന ചിത്രത്തില്‍ നസ്രിയയെ കൂടാതെ പാര്‍വതി പൃഥ്വിരാജ് എന്നിവരാണ് മറ്റ് രണ്ട് കഥാ പാത്രങ്ങള്‍. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അഞ്ജലി മേനോന്‍ ചിത്രത്തിന്റെ പേര് പുറത്തു വിട്ടത്. പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ്  നസ്രിയ എത്തുന്നത്.

പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നതെന്ന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അഞ്ജലി പറയുന്നു. ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണിയും നിര്‍ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ രഞ്ജിത്ത് പൃഥ്വിരാജിന്റെ പിതാവായി അഭിനയിക്കുന്നുണ്ട്.

നസ്രിയയുടെ ഭര്‍ത്താവും നടനുമായ ഫഹദ് ഫാസിലും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘എനിക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെയ്ക്കുമ്പോള്‍ ഇതിനു മുമ്പ് തോന്നിയിട്ടില്ലാത്ത സന്തോഷമുണ്ട്. നാല് വര്‍ഷത്തിനു ശേഷം നസ്രിയ സ്‌ക്രീനിലേക്ക് മടങ്ങി വരുന്നു എന്നതാണ് എന്നെ സന്തോഷത്തിന് കാരണം. കാരണം ആ നാല് വര്‍ഷം അവള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നത് ഞങ്ങളുടെ നല്ല കുടുംബ ജീവിത്തിന് വേണ്ടിയായിരുന്നു’ ഫഹദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബാംഗ്ളൂര്‍ ഡെയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയംപാണ്. എം. ജയചന്ദ്രന്‍, രഘു ദിക്ഷിത് എന്നിവരാണ് സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജൂലൈ ആറിന് ചിത്രം റിലീസ് ചെയ്യും.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.