ഇന്ത്യന്‍ സമര്‍ദ്ദത്തിന് ബ്രിട്ടന്‍ വഴങ്ങുന്നു: നീരവിനെയും മല്യയേയും ഇന്ത്യക്ക് കൈമാറിയേക്കും

ഇന്ത്യയിലെ കുറ്റവാളികളെ ഒളിപ്പിക്കുന്ന ഇടമായി ബ്രിട്ടന്‍ മാറുന്നുവെന്ന ഇന്ത്യയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ബ്രിട്ടന്‍ സാമ്പത്തീക കുറ്റവാഴികളായ നീരവ് മോദിയേയും, വിജയ് മല്യയേയും കൈമാറാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ബ്രിട്ടന്‍ സഹായം വാഗ്ദാനം ചെയ്ത പശ്ചാത്തലത്തില്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് സിബിഐ. നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാന്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കണമെന്ന് സിബിഐ ഇന്റര്‍ പോളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. .13,578 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) തട്ടിപ്പുകേസില്‍ നീരവ് മോദിയെയും ബന്ധു മെഹുല്‍ ചോക്സിയെയും അറസ്റ്റുചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്.

സി.ബി.ഐയുടെ അഭ്യര്‍ഥന ഇന്റര്‍പോള്‍ ഉടന്‍ പരിഗണിക്കുമെന്നാണ് വിവരം.അതേസമയം നീരവ് മോദി എവിടെയാണെന്ന് വ്യക്തമായിട്ടില്ലെന്നും സി.ബി.ഐ അധികൃതര്‍ പറയുന്നു. പൗരത്വം ആവശ്യപ്പെട്ട് നീരവ് ലണ്ടന്‍ കോടതിയെ സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിറകെ ബ്രിട്ടന്റെ നിലപാടുകള്‍ക്കെതിരെ ഇന്ത്യ ശക്തമായി രംഗത്ത് വന്നിരുന്നു.

പിടികിട്ടാപ്പുള്ളികള്‍ക്കും കുറ്റവാളികള്‍ക്കും അഭയം നല്‍കുന്ന ഇടപാട് നിര്‍ത്തണമെന്നാണ് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടത്. ഇന്ത്യയിലെ സാമ്പത്തികക്കുറ്റവാളികളടക്കമുള്ള പിടികിട്ടാപ്പുള്ളികള്‍ക്ക് അഭയം നല്‍കുന്ന ഇടപാട് അവസാനിപ്പിയ്ക്കണം. മറ്റു രാജ്യങ്ങളിലെ ക്രമിനലുകള്‍ക്ക് സ്വര്‍ഗ്ഗരാജ്യമായി ബ്രിട്ടന്‍ മാറരുതെന്ന് പ്രതിരോധ സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.

പഞ്ചാബ് നാഷണാല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തിയ നിരവ് മോദി ബ്രിട്ടനില്‍ എത്തി എന്ന വിവരം ഇന്നലെ പുറത്തുവന്നിരുന്നു. വിജയ് മല്ലയ്യയെ ഇന്ത്യക്ക് വിട്ടുകിട്ടുന്നതിനുള്ള കേസുകള്‍ ബ്രിട്ടനിലെ കോടതിയില്‍ നടക്കുകയാണ്. ഇന്ത്യ ബ്രിട്ടീഷ് കോടതികളെ മാനിയ്ക്കുന്നു. അതുകൊണ്ട് തന്നെ നിയമപരമായി കുറ്റവാളികളെ കൈമാറാനുള്ള കേസുകള്‍ നടത്തിക്കൊണ്ടിരിയ്ക്കുകയാണ്. പക്ഷേ ബ്രിട്ടീഷ് ഗവണ്മെന്റില്‍ നിന്നുള്ള സഹകരണവും സഹായവും കൂടി ഇന്ത്യ ആഗ്രഹിയ്ക്കുന്നുണ്ട്. ബ്രിട്ടീഷ് മന്ത്രി ബാരണസ് സൂസന്‍ വില്യംസ് ഇപ്പോള്‍ ഇന്ത്യയിലുണ്ട്. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥന്മാരുമായും മന്ത്രിമാരുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുകയാണ്. നിരവ് മോദി ബ്രിട്ടനില്‍ എത്തിയതായി അറിവുലഭിച്ചിട്ടുണ്ടെന്ന് ഈ ബ്രിട്ടീഷ് സംഘമാണ് ഇന്ത്യ ഗവണ്മെന്റിനെ അറിയിച്ചത്.

വിജയ് മല്ലയ്യയേയും നിരവ് മോദിയേയും പോലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചെയ്തിട്ട് ബ്രിട്ടനില്‍ അഭയം തേടുന്നവരെ തിരികെ കൈമാറാന്‍ വേണ്ട സകല സഹായവും ചെയ്യുമെന്ന് ബാരണസ് സൂസന്‍ വില്യംസ് അറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഭീകരവാദവിരുദ്ധ മന്ത്രിയാണ് ബാരണസ് സൂസന്‍ വില്യംസ്. ഇന്ത്യയിലെ ജയിലുകളില്‍ മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നില്ല. അതുകൊണ്ട് അവിടേയ്ക്ക് ഞങ്ങളെ കൈമാറരുതെന്നാണ് കുറ്റവാളികള്‍ പലരും ബ്രിട്ടീഷ് കോടതിയില്‍ ഉന്നയിയ്ക്കുന്ന വാദം. എന്നാല്‍ അത് ബ്രിട്ടന്‍ പരിഗണിക്കേണ്ട വിഷയമല്ലെന്ന് ഇന്ത്യ തിരിച്ചടിച്ചിരുന്നു.ഇന്ത്യയിലെ ജയിലുകള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസ്സരിച്ചാണ് പ്രവര്‍ത്തിയ്ക്കുന്നതെന്നും കുറ്റവാളികള്‍ക്ക് ശിക്ഷയില്‍ നിന്നൊഴിവാകാനും ബ്രിട്ടനില്‍ ഒളിച്ച് താമസിയ്ക്കാനുമാണ് ജയിലുകള്‍ മോശമാണെന്ന് ഒഴിവു കഴിവായിപ്പറയുന്നതെന്നുമാണ് ഇന്ത്യയുടെ വാദം. വിജയ് മല്യയെ പാര്‍പ്പിക്കാവുന്ന സൗകര്യങ്ങളോടു കൂടി ജയിലുകള്‍ ഇന്ത്യയിലുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതര്‍ പരാതി നല്‍കുന്നതിന് തൊട്ടുമുമ്പാണ് ജനുവരി ആദ്യവാരം നീരവ് മോദി രാജ്യംവിട്ടത്. കേസില്‍ നീരവ് മോദിക്കും ബന്ധുക്കള്‍ക്കുമെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തുകയാണ്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.