ഗര്‍ഭിണിയായ പശുവിനെ ‘വധശിക്ഷ’ക്കിരയാക്കാനുള്ള നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയ കൈകോര്‍ത്തു, ‘സേവ് പെങ്ക’ വിജയകരം

ലണ്ടന്‍: സെര്‍ബിയയില്‍ നിന്നും ബള്‍ഗേറിയയിലേക്ക് അധികൃതരുടെ കണ്ണുവെട്ടിച്ച് ‘നുഴഞ്ഞ് കയറിയ’ ഗര്‍ഭിണി പശുവിന് വധശിക്ഷ വിധിച്ചത് റദ്ദാക്കി. പെങ്ക എന്ന പശുവിനാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യമായ ബര്‍ഗേറിയ വധശിക്ഷ വിധിച്ചത്. എന്നാല്‍ ഈ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ക്യാമ്പയിന്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പശുവിന്റെ വധശിക്ഷ രാജ്യം റദ്ദാക്കി. ‘സേവ് പെങ്ക’ എന്ന പേരിലായിരുന്നു പശുവിനെ രക്ഷിക്കാനുള്ള കാമ്പയിന്‍.

നിലവില്‍ ബള്‍ഗേറിയയിലുള്ള പെങ്കയുടെ ആരോഗ്യസ്ഥിതി വിലയിരുത്താനായി നിരവധി പരിശോധനങ്ങള്‍ നടത്തിയതായും ഫലത്തില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ബള്‍ഗേറിയ സ്ഥിരീകരിച്ചു. ഈ ആഴ്ച അവസാനം പെങ്കയെ ഫാമിലേക്ക് മാറ്റുമെന്ന് ബള്‍ഗേറിയന്‍ ഫുഡ് സേഫ്റ്റി ഏജന്‍സി അറിയിച്ചു. കോപിലോവ്റ്റ്‌സി ഗ്രാമത്തില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പ് സെര്‍ബിയയിലേക്ക് പോയ പെങ്ക 15 ദിവസമാണ് അവിടെ കഴിഞ്ഞത്. തുടര്‍ന്ന്, ഉടമ ഇവാന്‍ ഹരാലാംപീവ് പെങ്കയെ ബള്‍ഗേറിയയിലേക്ക് തിരിച്ച് കൊണ്ട് വന്നു. എന്നാല്‍ പെങ്കക്ക് അത്യാവശ്യമായ യാത്രാരേഖകളില്ലെന്ന് കാണിച്ചാണ് ബള്‍ഗേറിയന്‍ അധികൃതര്‍ വധശിക്ഷക്ക് വിധിച്ചത്.

നോണ്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യമായ സെര്‍ബിയയില്‍ പോയ പശു തിരിച്ച് വന്നത് യൂറോപ്യന്‍ യൂണിയന്‍ അതിര്‍ത്തി ലംഘനമാണെന്നുമായിരുന്നു ബള്‍ഗേറിയയുടെ വാദം.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.