ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളില്‍, ഡല്‍ഹിയില്‍ ചര്‍ച്ചകള്‍


ബിജെപി കേരള ഘടകം അധ്യക്ഷനെ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനിക്കും. ഡല്‍ഹിയില്‍ ദേശീയ നേതൃത്വമായിരിക്കും പ്രഖ്യാപനം നടത്തുക.
മുന്‍ ബിജെപി അധ്യക്ഷന്‍മാരായ പി.കെ കൃഷ്ണദാസ്, പി.എസ് ശ്രീധരന്‍ പിള്ള, നിലവിലെ ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ രാധാകൃഷ്ണന്‍, കെ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍ ഉള്ളത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മറ്റിയോഗത്തില്‍ എ.എന്‍ രാധാകൃഷ്ണന്റെയും, കെ സുരേന്ദ്രന്റെയും പേരുകളാണ് സജീവമായി ഉയര്‍ന്നത്. എച്ച് രാജ, നളിന്‍ കട്ടില്‍ എന്നി കേന്ദ്രനേതാക്കള്‍ക്ക് മുന്നില്‍ ഉയര്‍ന്ന ഈ പേരുകള്‍ കേന്ദ്രനേതൃത്വത്തിന്റെ പരിഗണനക്കായി ഉള്‍പ്പെടുത്തിയിരുന്നു.
വിഭാഗീയത എന്ന ആരോപണമുരാനുള്ള സാധ്യത കൂടി കണക്കിലെടുത്ത് നിലവിലെ ദേശീയ നിര്‍വ്വാഹക സമിതി അംഗമായ പി.കെ കൃഷ്ണദാസിന്റെയും , അഡ്വക്കറ്റ് പി.എസ് ശ്രീധരന്‍ പിള്ളയുടേയും പേരുകള്‍ കൂടി പരിഗണിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന ചുമതലയുള്ള കേന്ദ്ര നേതാക്കളുടെ കൂടി അഭിപ്രായം പരിഗണിച്ച് ദേശിയ അധ്യക്ഷന്‍ അമിത് ഷായാണ് അന്തിമ തീരുമാനം എടുക്കുക. ആര്‍എസ്എസ് കേരളഘടകത്തിന്റെ അഭിപ്രായവും നിര്‍ണായകമാകും.
കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചതോടെയാണ് കേരള ഘടകം അധ്യക്ഷസ്ഥാനത്തേക്ക് പുതിയ ആളെ തെരഞ്ഞെടുക്കേണ്ടി വന്നത്. കേരള നേതൃത്വത്തില്‍ നിന്ന് തന്നെ ഒരാളെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ആര്‍എസ്എസില്‍ നിന്നുള്ള ചില പേരുകളും പരിഗണനക്ക് വന്നിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.