‘ടിയാന്‍’ കാഴ്ചകളുടെ അജണ്ടകളെ പൊളിച്ചെഴുതുന്ന ഇന്ത്യന്‍ റിയലിസം വിരിയുന്ന നല്ല സിനിമ

ധ്യേയാ ചിപ്പു എഴുതുന്നു

മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഇത് പുതിയ കാഴ്ചയാണ് എന്നതല്ല, സിനിമാ കാഴ്ചയുടെ സ്ഥിരം അജണ്ടകളെ പൊളിച്ചെഴുതുകയാണ് ടിയാന്‍ എന്നതാണ് വലിയ വിശേഷം. ടിയാന്‍ എന്ന പേര് മലയാളിയ്ക്ക് പരിചയമാണ്. മേല്‍പടിയാന്‍ എന്ന വാക്കിനുള്ള മുകളിലുള്ള അയാള്‍ എന്ന ഒരര്‍ത്ഥം കൂടിയുണ്ട്. ടിയാനിലൂടെയുള്ള യാത്ര മേല്‍പടിയാനിലേക്കുള്ള ഒറു ഇന്ത്യക്കാരന്റെ യാത്രയാണ്..പശ്ചാത്ത്യ വത്ക്കരിക്കപ്പെട്ട റിയലിസം മാത്രമേ മലയാള സിനിമ കണ്ടിട്ടുള്ളു. ടിയാന്‍ വരച്ചിടുന്നത് ഇന്ത്യന്‍ കുറച്ച് കൂടി പറഞ്ഞ ഭാരതീയ റിയലിസമാണ്. അതിന്റെ വര്‍ണാഭമായ സത്യവും സൗന്ദര്യവുമാണ്..

സിനിമ പുറത്തിറങ്ങി ഒരാഴ്ച പിന്നിടുന്നു. കണ്ടവരെല്ലാം നല്ല അഭിപ്രായം വരച്ചിടുന്നു. പക്ഷേ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ ടിയാനെ തകര്‍ക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുവെന്ന സത്യം കാണാതിരുന്നു കൂടാ. കാഴ്ചയ്ക്ക് അജണ്ട നിശ്ചയിച്ചവരെ പ്രകോപിപ്പിക്കുന്നതാണ് ടിയാന്‍ എന്ന ചിത്രമെന്നതാണ് ഇതിന് കാരണം. പാടിപതിഞ്ഞ രീതിയില്‍ മതേതര കെട്ടുകാഴ്ചകളായി കയ്യടി നേടുന്ന മലയാള സിനിമയില്‍ മതാതീതമായ മതേതരത്വം എന്ന വിപുലമായ ആശയം മുന്നോട്ട് വെക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുത്ത മുരളീ ഗോപി ടീമിനാണ് കയ്യടി നല്‍കേണ്ടത്.

ഉത്തരേന്ത്യ പശ്ചാത്തലമായാണ് ചിത്രം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. ഗാഗ്രാവാഡിയെന്ന ഗ്രാമമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. നാഗരികതയില്‍ നിന്ന് ഏറെ അകലെ നില്‍ക്കുന്ന ഗ്രാമത്തില്‍ പകുതിയോളം പേര്‍ മലയാളികളാണ്. മഹാശയ് (മുരളി ഗോപി) എന്ന ആള്‍ദൈവത്തിന്റെ ആശ്രമം നിര്‍മിക്കാന്‍ ഇവിടെയുള്ളവരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളും ആധാരമാക്കിയാണ് ചിത്രം മുന്നേറുന്നത്.

ഗാഗ്രാവാഡിയിലെ ആദ്യ താമസക്കാരനാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന പട്ടാഭിരാമഗിരി എന്ന കഥാപാത്രം. ആദിശങ്കരന്റെ ശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഗിരി പരമ്പരയിലെ കണ്ണിയാണ് പട്ടാഭിരാമനും മഠം ഒഴിപ്പിക്കാനെത്തുന്ന മഹാശയയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ആദ്യപകുതി. . ആദ്യ പകുതിയില്‍ ദുരൂഹമായ നിശബ്ദമായ സാന്നിധ്യമായ പൃഥ്വിരാജിന്റെ അസ്ലാന്‍ മുഹമ്മദ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലം രണ്ടാം പകുതിയില്‍ ചുരുളഴിയുന്നു. ഈ ജന്‍മത്തിലെയും മുന്‍ജന്‍മത്തിലെയും കണക്കുകളും കെട്ടുപാടുകളുമായി നിറയുന്ന അസ്ലാന്‍ സിനിമയ്ക്ക് നല്‍കുന്ന തലം മലയാള സിനിമയ്ക്ക് ഒട്ടും പരിചിതമല്ലാത്തതാണ്. പക്ഷേ ഇന്ത്യന്‍ ജീവിതത്തില്‍ നാം മറന്നു പോയ ഒറു ലോകത്തെ ചിത്രം കൈപിടിച്ചു നടത്തുന്നുണ്ട്.

ഹിന്ദു-മുസ്ലിം സൗഹൃദം ഉയര്‍ത്തിപ്പിടിക്കുന്നതും ജാതീയ വ്യവസ്ഥയെ തള്ളിക്കളയുന്നതുമായ നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്. കേവലം സൗഹാര്‍ദ്ദത്തിലേക്ക് നടന്നടുക്കുന്ന മത മതേതരത്വമല്ല മറിച്ച് മതാതീതമായ ദൈവസങ്കല്‍പം എന്ന സനാതന സത്യമാണ് സിനിമ ഉയര്‍ത്തി പിടിക്കുന്നത്. ആത്മീയതയുടെ തലം ഇന്ത്യന്‍ പരിസരത്ത് സദാ ഉണ്ട് എന്ന് ചിത്രം ഓര്‍മ്മപ്പെടുത്തുന്നു.

ഇതിവൃത്തം പോലെ കഥാപാത്ര തെരഞ്ഞെടുപ്പാണ് സിനിമയുടെ മറ്റൊരു കരുത്ത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവരുടെ പ്രകടനം എടുത്തുപറയണം. ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്. ഇന്ദ്രജിത്തിന്റെ പട്ടാഭിരാമന്‍ പ്രത്യേക മാനറിസങ്ങള്‍ കൊണ്ട് ചിത്രത്തില്‍ നിറയുന്നു. പാത്ര സൃഷ്ടിയിലെയും പ്രകടനത്തിലെയും മനസ്സടക്കമാണ് പൃഥ്വിയുടെ കഥാപാത്രത്തെ മികച്ചതാക്കുന്നത്. രണ്ടു കാലഘട്ടത്തിലായി എത്തുന്ന തന്റെ രണ്ടു കഥാപാത്രങ്ങളോടും പൃഥ്വി നീതി പുലര്‍ത്തി.

മഹാശയ് എന്ന കഥാപാത്രത്തിനായി മറ്റൊരാളെ സങ്കല്‍പിക്കാനാകാത്ത തരത്തിലുള്ള പ്രകടനമാണ് മുരളി ഗോപി നടത്തിയത്.

സുരാജ് അവതരിപ്പിച്ച നായര്‍ മനസ്സില്‍ തട്ടുന്ന കഥാപാത്രമാണ്. അനന്യയും ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തിയ പത്മപ്രിയയും തങ്ങളുടെ ഭാഗം ഭംഗിയാക്കി. സതീശ് കുറുപ്പിന്റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ സംഗീതവും അനുയോജ്യമായി.

ചിത്രത്തിലുടനീളം പുലര്‍ത്തുന്ന മത ആധ്യത്മിക പരിസരം മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമല്ല, ബ്രഹ്മം അറിയുന്നവര്‍ ബ്രാഹ്മണന്‍. അവന്‍ മതത്തിനും ജീതിയ്ക്കും അതീതനായ ദൈവത്തിന്റെ കയ്യടയാളം പതിഞ്ഞ മനുഷ്യനാണ് എന്ന സമീപനത്തെ ബ്രാഹ്്മണ വത്ക്കരിക്കപ്പെടുന്ന സിനിമ എന്ന രീതിയിലൊക്കെ വിലയിരുത്തി ഒറ്റപ്പെടുത്താനുള്ള ശ്രമം സിനിമയ്‌ക്കെതിരായി രഹസ്യമായും പരസ്യമായും നടക്കുന്നുണ്ട്. പതിവ് വഴിയെ തന്നെ നടന്നാല്‍ മതി ഈ ചിന്താ മൗലികവാദം സിനിമയ്‌ക്കെതിരായ ഗുഢാലോചനയായി മാറുന്ന അവസ്ഥയുണ്ടാകാനുള്ള സാധ്യത തള്ളികളയാനാവില്ല. അത്തരം പ്രചരണങ്ങളെ അതിജീവിക്കാനായില്ലെങ്കില്‍ നല്ലൊരു സിനിമ പ്രേക്ഷകന് നഷ്ടപ്പെടും. ഇത്തരം സിനിമകളെ കാലം ആവശ്യപ്പെടുന്നുണ്ട്. ചില പുനര്‍ വായനകള്‍ക്ക് നാടിനെ പരുവപ്പെടുത്തുക എന്നതും കലാകാരന്റെ കടമയാണ്. മുരളി ഗോപിയും സംഘവും ആ ദൗത്യം വിജയകരമായി ടിയാനിലൂടെ ഏറ്റെടുത്തിരിക്കുന്നു.

 

അഭിപ്രായങ്ങള്‍

You might also like More from author