ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് മോശം പരാമര്‍ശം, പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. സംസ്ഥാന വനിതാ കമ്മീഷനാണ് നിര്‍ദ്ദേശം നല്‍കിയത്. 

ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരായി പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരായി കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വിഷയം സംബന്ധിച്ച് വനിതാ കമ്മീഷന്‍ നിയമോപദേശം തേടിയിരുന്നു. പി.സി ജോര്‍ജിന്റെ പരാമര്‍ശം സ്ത്രീത്വത്തിന് അപമാനമാണെന്നും സ്ത്രീയുടെ അഭിമാനവും അന്തസും ഇടിച്ചുതാഴ്ത്തുന്ന വിധത്തിലുള്ളതാണെന്നും പിസി ജോര്‍ജിനെതിരെ കേസെടുക്കാമെന്നുമായിരുന്നു വനിതാ കമ്മീഷന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് പി.സി ജോര്‍ജിനെതിരായി കേസെടുക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ നിര്‍ദ്ദേശം നല്‍കിയത്. പിസി ജോര്‍ജിന്റെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കും.

ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാന്‍ പോയതെന്നും അവര്‍ ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്നും പി.സി. ജോര്‍ജ് ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ടതിനു തെളിവില്ലെന്നും കേസില്‍ പൊലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അഭിപ്രായങ്ങള്‍

You might also like More from author