യുപിയില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ചെന്ന വാര്‍ത്ത വ്യാജം; മരിച്ചത് മസ്തിഷ്‌ക ജ്വരം മൂലം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 48 മണിക്കൂറിനുള്ളില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 30 കുട്ടികള്‍ മരണമടഞ്ഞു. ഉത്തര്‍പ്രദേശ് ഗോരഖ്പൂരിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജിലാണ് ദുരന്തം.

യോഗി ആദിത്യ നാഥ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഓക്‌സിജന്‍ ലഭിക്കാത്തതാണ് മരണകാരണമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ ആരോപണം ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗത്താല നിഷേധിച്ചു. മസ്തിഷ്‌ക ജ്വരമാണ് മരണകാരണമെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയാണ് 20 കുട്ടികള്‍ മരിച്ചത്. പത്തു കുട്ടികള്‍ ഇന്നലെയും. ആശുപത്രിയിലേക്ക് ഓക്‌സിജന്‍ നല്‍കുന്ന കമ്പനിക്ക് 66 ലക്ഷം രൂപ കുടിശിക നല്‍കാനുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് അവര്‍ ഓക്‌സിജന്‍ വിതരണം നിര്‍ത്തിവച്ചെന്നാണ് ആക്ഷേപം.

മൂന്നു ദിവസം മുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിരുന്നു. എന്നാല്‍, പണം കുടിശികയുള്ള വിവരമോ ഓക്‌സിജന്‍ വിതരണം നിര്‍ത്തുമെന്ന് കമ്പനി മുന്നറിയപ്പ് നല്‍കിയതോ ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ അറിയിച്ചില്ല.

കുടിശിക നല്‍കാനുണ്ടെങ്കിലും വിതരണം നിര്‍ത്തിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. മസ്തിഷ്‌ക ജ്വരം ഇവിടെ പല തവണ ജീവനുകള്‍ എടുത്തിട്ടുണ്ട്. ഈ അസുഖം നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള പദ്ധതികള്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഈ മേഖലയില്‍ പത്തു വര്‍ഷം കൊണ്ട് 40,000 കുട്ടികളാണ് ഈ രോഗം മൂലം മരിച്ചത്.

 

അഭിപ്രായങ്ങള്‍

You might also like More from author