‘മുസ്ലിം വിവാഹ ഉടമ്പടി ആധാറുമായി ബന്ധിപ്പിക്കണം’, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മുസ്ലിം വുമണ്‍ പേഴ്‌സണൽ ലോ ബോര്‍ഡ്

ഡല്‍ഹി: മുത്തലാഖുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഓള്‍ ഇന്ത്യ മുസ്ലിം വുമണ്‍ പേഴ്‌സണൽ ലോ ബോര്‍ഡ് അധ്യക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം വിവാഹ ഉടമ്പടിയുടെ മാതൃക പ്രധാനമന്ത്രിയ്ക്ക് കൈമാറുകയും ഇത് എത്രയും പെട്ടെന്ന് നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആധികാരികത ഉറപ്പുവരുത്തുന്നതിന് വിവാഹ ഉടമ്പടി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബോര്‍ഡ് അധ്യക്ഷ ഷൈസ്ത അംബര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി താല്‍പര്യം പ്രകടിപ്പിച്ചതായും എത്രയും പെട്ടെന്ന് ഇത് യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

മുത്തലാഖുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ വിവാഹ ഉടമ്പടിയില്‍ മുത്തലാഖ് അനുവദിക്കാനാവില്ലെന്ന വ്യവസ്ഥകൂടി ഉള്‍പ്പെടുത്താവുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. വിവാഹസമയത്ത് സ്ത്രീകള്‍ ഇത്തരമൊരു വ്യവസ്ഥ ഉള്‍പ്പെടുത്തുവുന്നതാണെമന്ന് മുസ്ലിം ലോ ബോര്‍ഡും നിലപാട് സ്വീകരിച്ചിരുന്നു.

ഒരുപാട് കാലമായി വിവാഹ ഉടമ്പടിയിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന് ഇന്ത്യയിലെ മുസ്ലിം സ്ത്രീകള്‍ ആവശ്യപ്പെട്ടവരികയാണ്. ഇതിനായി വിവാഹ ഉടമ്പടിയുടെ ഒരു മാതൃകയും തയ്യാറാക്കിയിരുന്നു. എന്നാല്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത് നടപ്പില്‍വരുത്തുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ആധാര്‍ കാര്‍ഡുമായി ഇതിനെ ബന്ധപ്പെടുത്തുന്നതിലൂടെ വരനും വധുവും ഔദ്യോഗികമായ വ്യവസ്ഥയുടെ ഭാഗമാകുമെന്നും ഷൈസ്ത അംബര്‍ പറഞ്ഞു.

അഭിപ്രായങ്ങള്‍

You might also like More from author