മന്ത്രിയുടെ റിസോട്ടിലേക്ക് നികുതി പണം ഉപയോഗിച്ച് റോഡ് ടാറിംഗ്, എംപി ഫണ്ടുപയോഗിച്ചുള്ള നിര്‍മ്മാണത്തില്‍ വ്യാപക അഴിമതി, പിണറായി മന്ത്രിസഭാംഗം കാര്യങ്ങള്‍ ശരിയാക്കുന്നത് ഇങ്ങനെ

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ പുന്നമടക്കായോലരത്തെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് മാത്രമായി സര്‍ക്കാരിന്റെ ലക്ഷങ്ങള്‍ ചെലവഴിച്ച് റോഡ് ടാര്‍ ചെയ്ത സംഭവത്തില്‍ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം. വലിയകുളം മുതല്‍ സീറോ ജെട്ടിവരെ ഒരു കിലോമീറ്റര്‍ നീളമുള്ള റോഡില്‍ റിസോര്‍ട്ട് വരെയുള്ള നാനൂറ് മീറ്റര്‍ മാത്രമാണ് ടാറിംഗ് നടത്തിയത്. രണ്ട് എംപിമാരുടെ ഫണ്ടുപയോഗിച്ചുള്ള ഒരു കിലോമീറ്റര്‍ നിര്‍മ്മാണം നടത്തിയത് ടെണ്ടറില്ലാതെയാണ്.

മന്ത്രിയുടെ റിസോര്‍ട്ടിന്റെ ഗേറ്റ് വരെ മാത്രമാണ് ടാറിംഗ്. ലേക്ക് പാലസുമുതല്‍ ജെട്ടിവരെയുള്ള ബാക്കി റോഡിന് ലേക്ക് പാലസ് വരെയുള്ളതിന്റെ വീതിയുമില്ല. രണ്ട് എംപിമാരുടെയും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെയും ലക്ഷങ്ങളുപയോഗിച്ചാണ് മന്ത്രിയുടെ റോഡ് നിര്‍മ്മാണം നടന്നിരിക്കുന്നത്. നേരത്തെ പിജെ കുര്യന്‍ എംപിയുടെയും കെഇ ഇസ്മായില്‍ എംപിയുടെയും പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് പാടം നികത്തി ഈ റോഡ് നിര്‍മ്മിച്ചത്. നാല് മീറ്ററായിരുന്നു തുടക്കം മുതല്‍ സീറോ ജെട്ടിവരെയുള്ള റോഡിന്റെ വീതി. പക്ഷേ ഈ നാല് മീറ്ററാണ് റിസോര്‍ട്ട് വരെ ആറും ഏഴും മീറ്ററായത്.

ആലപ്പുഴ ചുങ്കം വലിയകുളം മുതല്‍ സീറോ ജെട്ടിവരെയുള്ള റോഡിന്റെ ആകെ നീളം 982 മീറ്റര്‍. റിസോര്‍ട്ടിലേക്ക് പോകാന്‍ കായലല്ലാതെ മറ്റ് വഴിയില്ലാതെ വന്നതോടെ പാടംനികത്തി റോഡുണ്ടാക്കാന്‍ രണ്ട് എംപിമാരുടെ ഫണ്ട് തോമസ് ചാണ്ടി സംഘടിപ്പിച്ചു. പി ജെ കുര്യനും കെ ഇ ഇസ്മായിലും നല്‍കിയ ഫണ്ടുപയോഗിച്ച് അഞ്ചുഭാഗങ്ങളാക്കി തിരിച്ചാണ് റോഡ് പണി ചെയ്തത്. അവിടെയുള്ള മിക്ക ബോര്‍ഡുകളും വായിക്കാന്‍ പറ്റാത്ത നിലയില്‍ വികൃതമാക്കിയിട്ടുണ്ട്. എല്ലാറ്റിന്റെയും അടങ്കല്‍ തുക അഞ്ച് ലക്ഷം. അഞ്ച് ലക്ഷത്തിന് മുകളിലുള്ള പ്രവൃത്തി ടെണ്ടര്‍ ചെയ്യണം. അതാണ് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഗുണഭോക്തൃകമ്മിറ്റിയാണ് ഈ പ്രവൃത്തികളെല്ലാം ചെയ്തത്. പക്ഷേ ഗുണഭോക്തൃയോഗം ചേര്‍ന്നില്ലെന്ന് അന്നത്തെ വാര്‍ഡ് കൗണ്‍സിലര്‍ തന്നെ പറയുന്നു.

ഗുണഭോക്തൃ കമ്മിറ്റിയുടെ കണ്‍വീനറാക്കിയത് തോമസ് ചാണ്ടിയുടെ ജീവനക്കാരനെ. അതേ പ്രദേശത്ത് താമസിക്കുന്ന ഈ റോഡിന്റെ ഗുണഭോക്താവാണ് കണ്‍വീനറാവേണ്ടത്. എന്നാല്‍ തോമസ് ചാണ്ടിയുടെ സ്റ്റാഫായ ജിജിയെന്നയാള്‍ കണ്‍വീനറായത്. അങ്ങനെ രണ്ട് എംപിമാരുടെ ഫണ്ടുപയോഗിച്ച് റിസോര്‍ട്ടിന്റെ മുന്നില്‍ വരെ മണ്ണിട്ടുയര്‍ത്തി റോഡാക്കി. അങ്ങനെയാണ് ലേക്ക് പാലസ് കഴിഞ്ഞുള്ള പാവങ്ങള്‍ പോകുന്ന റോഡിന് ഈ ഗതിയായതും. എംപി ഫണ്ട് ഉപയോഗിച്ച് ചെയ്യുന്നതില്‍ വലിയ ചട്ടലംഘനവും ഇവിടെ നടന്നു. എംപിമാര്‍ പണമനുവദിച്ച റോഡ് ഇപ്പോള്‍, ടാര്‍ ചെയ്ത ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ പേരിലായി. 250 ലേറെ കുടുംബങ്ങള്‍ താമസിക്കുന്ന കായലിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമുണ്ട് ഇതിന്റെ തൊട്ടടുത്ത്. അവരുടെ ദുരിതം കാണാതെയാണ് തോമസ് ചാണ്ടി റിസോര്‍ട്ടിന് മുന്നിലൂടെയുള്ള റോഡിന് വേണ്ടി ഖജനാവിലെ പണമൊഴുക്കിയത്.

ഇങ്ങനെയൊരു റോഡ് വരുന്ന കാര്യം ആ സമയത്തെ വാര്‍ഡ് കൗണ്‍സിലര്‍ പോലുമറിഞ്ഞില്ല. എംഎല്‍എ ജി സുധാകരനോട് ടാര്‍ ചെയ്യാന്‍ ഫണ്ട് ചോദിച്ച് കൊടുക്കാതായപ്പോഴാണ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് 2.5 ലക്ഷം രൂപ കൊടുത്ത് ഇപ്പോള്‍ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ മുന്നില്‍വരെ ടാര്‍ ചെയ്തിരിക്കുന്നത്.

 

അഭിപ്രായങ്ങള്‍

You might also like More from author