ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്ന് നീക്കി ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍

ഡല്‍ഹി: ജെഡിയു മുതിര്‍ന്ന നേതാവ് ശരത് യാദവിനെ പാര്‍ട്ടിയുടെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്ന് നീക്കി. ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സഭാംഗമായ ആര്‍സിപി സിംഗിനെ തല്‍സ്ഥാനത്ത് നിയോഗിച്ചു.

ബിഹാറില്‍ മഹാസഖ്യം വിട്ട് ബിജെപിയുമായി കൂട്ടുചേര്‍ന്ന നിതീഷിനെതിരെ ശരത് യാദവ് നേരത്തെ രംഗത്ത് വന്നിരുന്നു. നിതീഷിന്റെ തീരുമാനത്തില്‍ തനിക്കുള്ള അതൃപ്തി അദ്ദേഹം തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. താന്‍ ഇപ്പോഴും വിശാല സഖ്യത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടാതെ അടുത്തിടെ നടന്ന ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത ഛോട്ടുഭായ് വാസവയെ പിന്തുണച്ച് ശരത് യാദവ് രംഗത്തെത്തുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിനെ ശരത് യാദവ് അഭിനന്ദിക്കുകയും ചെയ്തു. വാസവയുടെ വോട്ടാണ് പട്ടേലിനെ ജയിപ്പിച്ചത്.

അതേസമയം നിതീഷുമായി ഇടഞ്ഞ ശരത് യാദവ് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കത്തിലാണെന്ന് സൂചനകളുണ്ട്. അദ്ദേഹം നടത്തുന്ന ജന്‍ സംവാദ് യാത്ര ഇതിന്റെ മുന്നോടിയാണെന്നാണ് വിലയിരുത്തുന്നത്. മൂന്ന് ദിവസം നീണ്ട പര്യടനത്തില്‍ പത്തോളം മണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്തും. എന്നാല്‍ പാര്‍ട്ടിയില്‍ ഒരു എംഎല്‍എയുടെ പിന്തുണപോലും അദ്ദേഹത്തിന് ഇല്ല എന്നാണ് വിവരം.

 

അഭിപ്രായങ്ങള്‍

You might also like More from author