നടിയ്‌ക്കെതിരെ മോശം പരാമര്‍ശം, വനിതാ കമ്മീഷനു മുന്നില്‍ സൗകര്യമുള്ളപ്പോള്‍ ഹാജരാകുമെന്ന് പി.സി.ജോര്‍ജ്

കോട്ടയം: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസെടുക്കുമെന്നറിയിച്ച വനിതാ കമ്മീഷനെ പരിഹസിച്ച് പി.സി. ജോര്‍ജ് എംഎല്‍എ. കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്ന് ജോര്‍ജ് പറഞ്ഞു. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാകില്ലല്ലോയെന്നായിരുന്നു ജോര്‍ജിന്റെ പരിഹാസം കലര്‍ന്ന ചോദ്യം. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ജോര്‍ജ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നേരത്തെ, നടിക്കെതിരെ വിവിധയിടങ്ങളില്‍ അപകീര്‍ത്തികരമായ സംഭാഷണങ്ങളും പരാമര്‍ശങ്ങളും നടത്തിയതുമായി ബന്ധപ്പെട്ട് ജോര്‍ജിനെതിരെ സ്വമേധയാ കേസെടുക്കുമെന്നാണ് വനിതാകമ്മീഷന്‍ അറിയിച്ചത്.

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. വാര്‍ത്താസമ്മേളനങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെയാകെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

 

അഭിപ്രായങ്ങള്‍

You might also like More from author