വിനായകന്റെ കുടുംബം മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നല്‍കി

തൃശൂര്‍: കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിട്ടയച്ച ശേഷം മനം നൊന്ത് ആത്മഹത്യ ചെയ്ത തൃശൂര്‍ പാവറട്ടി സ്വദേശി വിനായകന്റെ കുടുംബം മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യ മൊഴി നൽകി. തൃശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വിനായകന്‍റെ പിതാവ് കൃഷ്ണൻകുട്ടി രഹസ്യ മൊഴി നൽകിയത്.

ക്രൈംബ്രാഞ്ച് നിർദേശ പ്രകാരമാണ് മൊഴി നൽകിയത്. വിനായകന്റെ സുഹൃത്ത് ശരത്ത്, വൈഷ്ണവ് എന്നിവരും മജിസ്ട്രേറ്റിനു മൊഴി നൽകി. വിനായകന്റെ അച്ഛനോടൊപ്പം പാവറട്ടി പോലീസ് സ്റ്റേഷനിലെത്തിയ അയൽവാസിയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

പോലീസ് വിട്ടയച്ച വിനായകനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്റ്റേഷനില്‍ വച്ച് വിനായകന്‍ ക്രൂരപീഡനത്തിന് ഇരയായെന്നാണ് ബന്ധുക്കളുടെ പരാതി. വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് വാടാനപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. സംഭവത്തില്‍ സീനിയര്‍ സിപിഒ സാജന്‍, സിപിഒ ശ്രീജിത്ത് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വിനായകന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പോലീസിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

 

അഭിപ്രായങ്ങള്‍

You might also like More from author