”സംഭവാമി യുഗേ യുഗേ..” ശ്രീകൃഷ്ണജയന്തി പകരുന്നത് ധര്‍മ്മപരിപാലനത്തിന്റെ സന്ദേശം

സുധാ ഭരത്

യദാ യദാ ഹി ധര്‍മസ്യ ഗ്‌ളാനിര്‍ ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്‌കൃതാം
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ

ഹേ ഭാരതാ, എപ്പോഴെല്ലാമാണോ ധര്‍മ്മത്തിന് തളര്‍ച്ചയും അധര്‍മ്മത്തിന് ഉയര്‍ച്ചയും സംഭവിക്കുന്നത്, സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ ഉന്മൂലനത്തിനും ധര്‍മ്മം നിലനിര്‍ത്തുന്നതിനുംവേണ്ടി യുഗം യുഗം തോറും ഞാന്‍ അവതരിക്കുന്നു.

ശ്രീമദ് ഭഗവദ് ഗീത 4:78

രാജ്യപരിപാലനം ചെയ്യേണ്ടുന്ന രാജാക്കന്മാര്‍ സ്വേച്ഛാധിപതികളായി, അഹങ്കാരികളായി മനുഷ്യരൂപമുള്ള അസുരസ്വഭാവികളായി മാറി. അത് ഭൂമിയിലെ ജീവിതം ക്ലേശകരമാക്കി. ഭൂമീദേവി ബ്രഹ്മാവിനെ സമീപിച്ചു. ഇതേസമയത്തുതന്നെ ദേവന്മാരും ഈ സങ്കടമുണര്‍ത്തിക്കാന്‍ അവിടെ വന്നു. ഇവരെല്ലാവരും ശ്രീപരമേശ്വരനെയും കൂട്ടി പാല്‍ക്കടലിലേക്കു ശ്രീഹരിയെ കാണാനായി ചെന്നു. എന്നാല്‍ ഇവരെല്ലാം അവിടെയെത്തും മുന്‍പേ ഭഗവാന്‍ എല്ലാം തീര്‍ച്ചയാക്കിയിരിക്കുന്നു. ഭഗവാന്‍ യദുകുലത്തില്‍ അവതരിക്കുന്നതാണ്. ഭഗവാനെ ഉപചരിപ്പാന്‍ ദേവന്മാരും പലപല രൂപങ്ങളിലും ഭൂമിയില്‍ ജന്മമെടുക്കാനുള്ള തീരുമാനമുണ്ടായി. ഭഗവാന്‍ വാസുദേവഗൃഹത്തില്‍ ജനിക്കും. ഭഗവാന്റെ അംശമായ ആദിശേഷന്‍ ജ്യേഷ്ഠനായും അവതരിക്കും എന്ന ഭഗവാന്റെ ഉറപ്പിന്മേല്‍ വന്നവരെല്ലാവരും പിരിഞ്ഞുപോയി.

യദുവംശജനായ ശൂദ്രസേനന്റെ പുത്രന്‍ വാസുദേവന്‍ ഉഗ്രസേനപുത്രിയും കംസന്റെ സഹോദരിയുമായ ദേവകിയെ വിവാഹം ചെയ്തു വിവാഹസ്ഥലത്തേക്കു പുറപ്പെടാന്‍ രഥത്തില്‍ കയറി. ഇവരോടുള്ള കൂറു പ്രകടിപ്പിക്കാന്‍ നാലു കുതിരകളെ പൂട്ടിയ രഥത്തില്‍ കയറിയിരുന്ന കംസന്‍ സ്വയം തേരാളിയായി.

പോകുന്ന വഴിയില്‍ ആകാശത്തുനിന്നും ഒരശരീരി വാക്കുണ്ടായി; ‘ഹേ വിഡ്ഡീ; നീ ഏതൊരുവളെ തേരിലിരുത്തിക്കൊണ്ടുപോകുന്നുവോ അവളുടെ എട്ടാമത്തെ പുത്രന്‍ നിന്നെ വധിക്കും’.

ഇതുകേട്ട ഭയന്ന കംസന്‍ തേര്‍ നിര്‍ത്തി ദേവകിയെ തേരില്‍നിന്നും വലിച്ചിറക്കി വെട്ടാനായി വാളോങ്ങി. അപ്പോള്‍ വാസുദേവന്‍ ഇടപെട്ട് തല്‍ക്കാലം കംസനെ പിന്തിരിപ്പിച്ചു; ദേവകിക്കുണ്ടാവുന്ന എല്ലാ പുത്രന്മാരെയും കംസനെ ഏല്പിക്കാമെന്ന ധാരണയില്‍ അവര്‍ പിരിഞ്ഞു.

യാദവരെയും വൃഷ്ണികളെയും ദ്രോഹിക്കാനുള്ള എല്ലാ പരിശ്രമങ്ങളും കംസന്‍ ചെയ്തു. രാക്ഷസന്മാരെ തനിക്കുചുറ്റും നിര്‍ത്തി, ദുഷ്ടരാജാക്കന്മാരുടെ സഹായത്തോടെ യാദവരെ ഉപദ്രവിച്ചു. അവര്‍ രാജ്യംവിട്ട് ഓടിപ്പോയി. രാജ്യത്തവശേഷിച്ചവര്‍ കാസനോട് കറകളഞ്ഞ കൂറുപുലര്‍ത്തി.

ദേവകി ആദ്യപുത്രനെ പ്രസവിച്ച ഉടനെത്തന്നെ തന്റെ വാക്കുകള്‍ മാനിച്ച് വാസുദേവന്‍ ആ കുട്ടിയെ കംസനു കാഴ്ചവച്ചു. വാസുദേവന്റെ സത്യസന്ധതയില്‍ പ്രീതനായ കംസന്‍ അവനെ അച്ഛന് തിരിച്ചുനല്‍കി ഇങ്ങനെ പറഞ്ഞു; ‘ഇവനില്‍നിന്നും പേടിക്കാനൊന്നുമില്ല, അശരീരിയാനുസരിച്ചു എട്ടാമനാണ് അപകടകാരി’.

എന്നാല്‍ കംസനെ കാണാനെത്തിയ നാരദര്‍ കംസനെ താക്കീതു ചെയ്തു: ‘വ്രജത്തിലെ ജനങ്ങള്‍ വൃഷ്ണികള്‍ വസുദേവന്റെ നേതൃത്വത്തിലാണ്, യാദവര്‍ ദേവകിയുടെ കീഴിലും. എല്ലാവരും ദേവന്മാരുമാണ്, സൂക്ഷിച്ചിരിക്കുക’. എന്തോ ദിവ്യമായ പരിപാടികളുടെ ആസൂത്രണം നടക്കുന്നതായി നാരദര്‍ കംസനു സൂചനയും നല്‍കി. ദുഷ്ടനായ കംസന്‍ ഉടനെത്തന്നെ വസുദേവനെയും ദേവകിയെയും തുറങ്കലിലടച്ചു. അവരുടെ ആറുകുട്ടികളെയും ജനിച്ചുവീണയുടനെത്തന്നെ ഒന്നൊന്നായി കൊന്നു. തന്റെ പിതാവായ ഉഗ്രസേനനെ സ്ഥാനഭ്രഷ്ടനാക്കി അദ്ദേഹത്തെയും തുറങ്കലിലടച്ചു; എന്നിട്ട് സ്വയം സിംഹാസനസ്ഥനായി.

ദേവകിയുടെ ഏഴാമത്തെ ഗര്‍ഭത്തില്‍ ഭഗവാന്റെ അംശാവതാരമായ അനന്തന്‍ പ്രവേശിച്ചു. അതേസമയം ഭഗവാന്‍ തന്റെ മായാശക്തികൊണ്ട് ഇപ്രകാരം കല്പിച്ചു: ‘ഭഗവതീ, ദേവകിയുടെ ഗര്‍ഭത്തില്‍നിന്നും ഈ ഗര്‍ഭത്തെയെടുത്ത് വസുദേവഭാര്യയായ രോഹിണിയുടെ ഉദരത്തില്‍ നിക്ഷേപിക്കുക. എന്നിട്ട് ഭവതി സ്വയം യശോദയുടെ മകളായി പിറക്കുക. ഞാന്‍ ദേവകിയുടെ എട്ടാമത്തെ പുത്രനായി പിറക്കുന്നതാണ്.’ ഭഗവദേച്ഛപോലെ മായ പ്രവര്‍ത്തിച്ചു. ദേവകിയുടെ ഗര്‍ഭമലസിയെന്ന വര്‍ത്തകേട്ട് എല്ലാവരും സഹതപിച്ചു.

താമസംവിനാ ഭഗവാന്‍ വസുദേവഹൃദയത്തില്‍ പ്രവേശിച്ചു. പിന്നീട് ദേവകി ഭഗവാനെ ഹൃദയത്തില്‍ ഗ്രഹിച്ചു. ദേവകിയിലും വസുദേവരിലും ഭാവപ്രഭാപൂരം കണ്ട കംസനു ഭഗവാന്‍ സ്വയം ഭൂമിയില്‍ അവതരിക്കാന്‍പോകുന്നു എന്നുതോന്നി. ദുഷ്ടനിഗ്രഹത്തിനായി ഭഗവാനെത്തുമെന്ന ഭയമുണ്ടെങ്കിലും, കഴിയുന്ന എല്ലാവിധത്തിലും കംസന്‍ തന്റെ സ്ഥാനം രക്ഷിക്കാന്‍ ശ്രമിച്ചു. ദേവകിയെ വധിക്കലാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമെങ്കിലും ദുഷ്ടനായ കംസനുപോലും അതിഷ്ടമായിരുന്നില്ല. എങ്കിലും കംസന്‍ അപകടത്തെ അവഗണിച്ചില്ല. അതുകൊണ്ട് അയാള്‍ സദാ ഭഗവാനെപ്പറ്റിത്തന്നെ സ്മരിച്ചുകൊണ്ടിരുന്നു. ഇരിക്കുമ്പോഴും കിടക്കുമ്പോഴും നില്‍ക്കുമ്പോഴും ഊണിലും ഉറക്കത്തിലും എല്ലാം അയാള്‍ ഭഗവാനെ മാത്രം കണ്ടു. വിപരീതഭാവത്തിലാണെങ്കിലും ഈശ്വരസ്മരണ ഈശ്വരസ്മരണതന്നെയാണല്ലോ; അതും മുക്തിക്കു കാരണമാകും.

ഭഗവദ് ജനനത്തിനുള്ള ദിവ്യമുഹൂര്‍ത്തം സമാഗതമായി. പ്രകൃതി മുഴുവനും ദിവ്യശിശുവിനെ വരവേല്‍ക്കാനെന്ന മട്ടില്‍ സന്തോഷം പൂണ്ടു. ദിവ്യസംഗീതവും പ്രാര്‍ത്ഥനകളും വായുവില്‍ നിറഞ്ഞുനിന്നു. വസുദേവാരുടെയും ദേവകിയുടെയും സകല ബന്ധങ്ങളുമഴിഞ്ഞു. അര്‍ദ്ധരാത്രിയില്‍ ദേവകിയില്‍നിന്നും ഭഗവാന്‍ പുറത്തുവന്നു. ആ സമയം ദേവകി ഒരു ദേവസ്ത്രീയെപ്പോലെ ശോഭിച്ചു. നാലു തൃക്കൈകളും വിഷ്ണുവിന്റെ അടയാളലക്ഷണങ്ങളും ശിശുവില്‍ നിറഞ്ഞിരുന്നു.

ഭഗവാന്റെ ഉത്ഭവശേഷം കാരാഗ്രഹത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നു. തുള്ളിക്കൊരുകുടം കണക്കെ പെയ്യുന്ന അതിശക്തമായ മഴ കാരണം കാവല്‍ക്കാരും മാറ്റും ഗാഢനിദ്രയിലായിരുന്നു; ജനിച്ച ശിശുവിനെ ഒരു കുട്ടയിലാക്കി വസുദേവര്‍ പുറത്തുകടന്നു. നിറഞ്ഞുകവിഞ്ഞൊഴുകിയിരുന്ന യമുന സ്വയം വഴിമാറി. വൃന്ദാവനത്തില്‍ പ്രസവത്തിന്റെ ആലസ്യത്താല്‍ ഉറങ്ങിപ്പോയ യശോദയുടെയരികില്‍ ഭഗവാനെ കിടത്തി അവിടെനിന്നും യശോദ പ്രസവിച്ച പെണ്‍കുഞ്ഞിനേയുമെടുത്ത് വസുദേവര്‍ തിരികെയെത്തി; അതോടെ വാതിലുകളും അടഞ്ഞു.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട കാവല്‍ക്കാര്‍ ഉണര്‍ന്നു കംസനെ വിവരമറിയിച്ചു. കുട്ടിയെ വധിക്കാനായി കൈയിലെടുത്ത കംസന്റെ കൈയ്യില്‍ നിന്നും വഴുതി മാറിയ കുഞ്ഞ് ആകാശത്തിലേക്കയുയര്‍ന്നു.

ഭഗവാന്‍ വൃന്ദാവനത്തില്‍ വളര്‍ന്നു. ഭഗവാനെ വധിക്കാനായി കംസന്‍ പൂതന അടയ്ക്കമുള്ള പല രാക്ഷസന്മാരെയും വൃന്ദാവനത്തിലേക്കയച്ചു; അവരെല്ലാം ഭഗവാനാല്‍ വധിക്കപ്പെടുകയും ചെയ്തു. പിന്നീട് കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ഭഗവാനെ ചതിപ്രയോഗത്താല്‍ വധിക്കാനായി കൃഷ്ണനെയും ബാലരാമനെയും മഥുരയിലേക്ക് ക്ഷണിച്ച കംസനെ ഭഗവാന്‍ കാലപുരിക്കയച്ചു; ഉഗ്രസേനരാജാവിനെ കാരാഗ്രഹത്തില്‍നിന്നും മോചിപ്പിച്ച് ഭരണസാരഥ്യമേല്പിച്ചു.

പ്രജാപരിപാലനം മുഖ്യ ധര്‍മ്മമായിക്കരുതി അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഭരണകര്‍ത്താക്കള്‍തന്നെ തങ്ങളുടെ സ്വാര്‍ത്ഥലാഭത്തിനായി ഭരണത്തെ ദുരുപയോഗംചെയ്യുമ്പോള്‍, ഭരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍തന്നെ തങ്ങളുടെ ശിങ്കിടികളെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചമര്‍ത്തി ദുര്‍ഭരണം അഴിച്ചുവിടുമ്പോള്‍ സ്വാഭാവികമായും ജനങ്ങള്‍ രക്ഷകരെ അന്വേഷിക്കും. ഭരണസാരഥ്യം വഹിക്കുന്നവരും ഭരണം നേര്‍വഴിക്കുനടത്തേണ്ട ഉദ്യോഗസ്ഥവൃന്ദവും നിയമം നടപ്പിലാക്കേണ്ട പോലീസും ജനങ്ങള്‍ക്കെതിരായിനിന്ന് അവരുടെ സമാധാനം തകര്‍ക്കുമ്പോള്‍ സ്വാഭാവികമായും പൗരന്മാര്‍ അന്തിമ ആശ്രയമായ ഭഗവാനെ വിളിച്ചു കേഴും.

ഭഗവാന്‍ പല കാര്യത്തിലും ക്ഷമ കാണിക്കും, പല ദുഷ്പ്രവൃത്തികളെയും കണ്ടില്ലെന്നു നടിച്ചേക്കാം; എന്നാല്‍ ഭഗവദ് ഭക്തന്മാരുടെ മേല്‍, സജ്ജനങ്ങളുടെ മേല്‍ ആരെങ്കിലും കൈവച്ചാല്‍, അക്രമം അഴിച്ചുവിട്ടാല്‍ പിന്നെ ഭഗവാന് നോക്കിയിരിക്കാനാവില്ല. ഏതെങ്കിലും രൂപത്തിലും ഭാവത്തിലും ഭഗവാന്‍ അവതരിക്കും; ദുഷ്ടനിഗ്രഹം നടത്തി സമൂഹത്തില്‍ നന്മയെ തിരിച്ചുകൊണ്ടുവരും.

ആധുനിക കംസന്മാരും അവരുടെ ഇഷ്ടത്തിനനുസരിച്ചുമാത്രം പ്രവര്‍ത്തിക്കുന്ന അവരുടെ ശിങ്കിടികളും ചേര്‍ന്ന് സാധാരണ ജനജീവിതം ദുഷ്‌കരമാക്കുമ്പോള്‍ സ്വാഭാവികമായും ജനങ്ങള്‍ അവരുടെ അവസാനത്തെ ആശ്രയമായ ഭഗവാനെ വിളിച്ചു കേഴും. ഭാരതത്തിന്റെ തനതുഭാവമായ ദൈവീകശക്തിയെയും സംസ്‌കാരത്തെയും തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഭരണാധിപന്മാര്‍ ദുഷ്ടശക്തികളെ കൂട്ടുപിടിച്ച് തങ്ങളുടെ ആശയങ്ങള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നു. സജ്ജനങ്ങളുടെയും ഭക്തന്മാരുടെയും ദുഃഖം ഭഗവാന് അധികനേരം കണ്ടുനില്‍ക്കാനാവില്ല; ഭക്തന്മാര്‍ സര്‍വ്വാത്മനാ ഭഗവാനെ വിളിച്ചു പൂര്‍ണ്ണമനസ്സോടെ പ്രാര്‍ത്ഥിക്കുമ്പോള്‍ ഭഗവാന്‍ ഓരോ മനുഷ്യരുടെയും ഹൃദയത്തില്‍ അവതരിക്കും; അവരുടെ ഹൃദയത്തിലിരുന്നുകൊണ്ട് ഭഗവാന്‍തന്നെ ദുഷ്ടന്മാര്‍ക്കെതിരെ ആഞ്ഞടിക്കും, ദുഷ്ടശക്തികളെ അപ്പാടെ നശിപ്പിക്കും.

ഭക്തന്റെ ഹൃദയത്തിലൂറിവരുന്ന ഭക്തിയും ശരണാഗതിഭാവവുമാണ് സ്വയമേവ നിശ്ചലനും നിരാകാരനുമായ ഭഗവാനെ പ്രകൃതിഭാവത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നത്. ഭഗവാനില്‍ ഭക്തിയും ശ്രദ്ധയുമുണ്ടാകുമ്പോള്‍ സ്വാഭാവികമായും അവിടെ ഭഗവാന്‍ അവതരിക്കും; ദുഃഷ്ടശക്തികളെ ഉന്മൂലനംചെയ്ത് ധര്‍മ്മം തിരികെ കൊണ്ടുവരും. ഇത് പ്രകൃതിനിയമമാണ്.

ശാശ്വതമായതിനെ, സത്യത്തെ, വെളിച്ചത്തെ ഇരുട്ട് എപ്പോഴും ഭയപ്പെടുന്നു. ഭാരതീയതയോടുള്ള അസഹിഷ്ണുത, ഭാരതീയ സംസ്‌കാരത്തിനോടുള്ള പകയും വിദ്വേഷവും, ദേശീയതയോടുള്ള വെല്ലുവിളി… ഇവയൊക്കെ ഇരുട്ടിനെ വരിച്ചവര്‍ക്ക് എന്നെന്നുമുണ്ടാവും, ഉണ്ടായിക്കൊണ്ടിരിക്കും.

ഭാരതത്തിന്റെ കാര്യമെടുത്താല്‍ ഈ രാജ്യം എന്നെന്നും ഇത്തരം എതിര്‍പ്പുകളിലൂടെ കടന്നുപോയിട്ടുണ്ട്, ഒരുപാട് സംഘട്ടനങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്, ഇനിയും അതൊക്കെ കൂടെക്കൂടെ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും. പക്ഷേ, സനാതനനായ ഈശ്വരന്റെ കൈയ്യൊപ്പ്, ഈശ്വരശക്തിയുടെ നിലയ്ക്കാത്ത സ്വാധീനം… ഇതൊക്കെ എന്നെന്നും ഭാരതീയ സംസ്‌കൃതിക്കും അതിനെ ആദരവോടെ മാത്രം കാണുന്ന ജനതക്കും എന്നെന്നും കൂട്ടുണ്ടാകും. ആവശ്യം വന്നാല്‍, ദുഷ്ടരെ നിഗ്രഹിക്കാനും സജ്ജനങ്ങളെ രക്ഷിക്കാനും ഇനിയും എത്രയെത്ര അവതാരങ്ങള്‍ വേണമെങ്കിലും ഭഗവാന്‍ എടുക്കുകയും ചെയ്യും. സര്‍വ്വസംഹാരകയായ കാളിയാകാനും ഐശ്വര്യദേവതയായ ലക്ഷ്മിയാകാനും ജ്ഞാനദേവതയായ സരസ്വതിയാകാനും ഈശ്വരനു കഴിയും. ഇത് ഭഗവാന്‍തന്നെ നല്‍കിയിരിക്കുന്ന വാക്കാണ്.

ജനങ്ങളുടെ വിശ്വാസവും ഭക്തിയും ആശ്രയഭാവവുമൊക്കെയാണ് അതാത് സമയങ്ങളില്‍, സാഹചര്യത്തിനനുസരിച്ച് ഭഗവാന്റെ അവതാരത്തെയുണ്ടാക്കുന്നത്. ദുഷ്ടശക്തികള്‍ക്കെതിരെ ഭഗവാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കട്ടെ; ഇരുട്ടിനെ നീക്കി പ്രകാശത്തെ തിരികെ കൊണ്ടുവരട്ടെ; ഇതാണ് ഭഗവതവതാരത്തിന്റെ ലക്ഷ്യം. ഈ ജന്മാഷ്ടമിയില്‍ ഭഗവാന്‍ ഓരോ മനുഷ്യരുടെ ഹൃദയത്തിലും ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ!

 

 

അഭിപ്രായങ്ങള്‍

You might also like More from author