ബസ് നിരക്ക് കുറക്കാത്തതിന്റെ പിന്നില്‍ സര്‍ക്കാരിന്റെ കള്ളക്കളി, പ്രതിക്കൂട്ടില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനും

ഡീസല്‍ വില ആറ് രൂപ കുറഞ്ഞു.കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കൂടിയ ഫയര്‍ സ്റ്റേജാണ്..ബസ് ഉടമകള്‍ക്ക് ഇനിയും നഷ്ടങ്ങളുടെ കണക്ക് സത്യസന്ധമായി അവതരിപ്പിക്കാന്‍ കഴിയില്ല. എന്നിട്ടും ബസ് ചാര്‍ജ്ജ് വര്‍ദ്ധന പരിഗണനയിലില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇതിന് പിന്നില്‍ വലിയ കള്ളക്കളികളുണ്ടെന്നാണ് വിമര്‍ശനമുയരുന്നത്.
തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ബസ് ടിക്കറ്റ് നിരക്ക് എത്രയോ അധികമാണെന്ന കാര്യം പലപ്പോഴായി കേരളത്തില്‍ സജീവ ചര്‍ച്ചയാണ്. ഈ സംസ്ഥാനങ്ങളിലെല്ലാം സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ മികച്ച ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ മാത്രം ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നഷ്ടത്തിലാണ്. കോര്‍പ്പറേഷന്റെയും സര്‍ക്കാരിന്റെയും കെടു കാര്യസ്ഥതയാണ് ഇതിന് പിന്നില്‍ എന്ന് എല്ലാവര്‍ക്കുമറിയാം. ഡീസല്‍ വില വര്‍ദ്ധന ആപേക്ഷികാണ്. ഈ സാഹചര്യത്തില്‍ ബസ് ടാക്‌സി നിരക്ക് കുറക്കേണ്ട കാര്യമില്ല എന്നാണ് ബസ് ടാക്‌സി നിരക്ക് സംബന്ധിച്ച് പഠനം നടത്തിയ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ഇന്നലെയും മാധ്യമങ്ങളോട് പറഞ്ഞത്. ചാര്‍ജ്ജന കുറക്കല്‍ ഇതോടെ സര്‍ക്കാരിന്റെ പരിഗണനയിലേ ഇല്ല എന്ന് വ്യക്തം.

ഡീസല്‍ വില 50 രൂപയിലേക്ക് കുറഞ്ഞിട്ടും ബസ് ടിക്കറ്റ് ചാര്‍ജ് കുറക്കാന്‍ സന്നദ്ധമല്ല എന്ന സര്‍ക്കാര്‍ ധിക്കാരത്തിനെതിരെ വലിയ പ്രതിഷേധം തന്നെ ഉയരുന്നുണ്ട്. ഡീസല്‍ വിലയിലെ വര്‍ധനയാണ് ബസ് ചാര്‍ജ് കൂട്ടാന്‍ കാരണമെന്ന നേരത്തെ സര്‍ക്കാര്‍ പറഞ്ഞത് കള്ളമാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പിന്നെ എന്താണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട്.?

നിലവില്‍ ബസ് ചാര്‍ജ്ജ് കുറച്ചാല്‍ ബസ് മുതലാളിമാരുടെ ലഭാത്തില്‍ മാത്രമാണ് കുറവുണ്ടാകുന്നത്. അതായത് വിലക്കയറ്റം മൂലം നട്ടം തിരിയുന്ന ജനങ്ങളോടല്ല, മറിച്ച് ബസ് മതലാളിമാരുടെ ലോബിയോടാണ് സര്‍ക്കാരിന് താല്‍പര്യം എന്ന് വ്യക്തം.
2001 മുതല്‍ ഒമ്പതു തവണയാണ് സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. ഏറ്റവുമൊടുവില്‍ വര്‍ധിപ്പിച്ചത് കഴിഞ്ഞ വര്‍ഷം മേയ് 14ന്. ഓരോ തവണ വര്‍ധിപ്പിക്കുമ്പോഴും ഡീസല്‍ വിലയിലെ മാറ്റമാണ് സര്‍ക്കാര്‍ ന്യായമായി പറഞ്ഞിരുന്നത്. എന്നാല്‍, ഇതേ കാലയളവില്‍ തമിഴ്‌നാട്ടില്‍ നിരക്ക് വര്‍ധിപ്പിച്ചത് ഒരുതവണ മാത്രം. അവിടെ, മിനിമം ചാര്‍ജ് ഇപ്പോഴും മൂന്നുരൂപ. കര്‍ണാടകയില്‍ ഇത് അഞ്ചുരൂപയും. കേരളത്തോട് ചേര്‍ന്നുനില്‍ക്കുന്ന, പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ പോയാല്‍ ആറുരൂപക്ക് യാത്രചെയ്യാം. കേരളത്തിലെ കെ.എസ്.ആര്‍.ടി.സിയെക്കാള്‍ മികച്ച സേവനങ്ങള്‍ അയല്‍ സംസ്ഥാനങ്ങളിലെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നുമുണ്ട്.
എന്തിനും പ്രതികരിക്കുന്ന പ്രതിപക്ഷവും ഇക്കാര്യത്തില്‍ മൗനമാണ്. ആര്‍ക്ക് വേണ്ടിയാണ് പ്രതിപക്ഷം നിലകൊള്ളുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഫെയര്‍‌സ്റ്റേജ് നിര്‍ണയത്തിലെ അപകാത
ഫെയര്‍‌സ്റ്റേജ് നിര്‍ണയത്തിലെ അപാകതയും അശാസ്ത്രീയതയും മൂലം വന്‍ നഷ്ടമാണ് യാത്രക്കാര്‍ക്ക് ഉണ്ടാകുന്നത്. ജസ്റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മറ്റിയാണ് ഈ നിരക്ക് നിജപ്പെടുത്തിയിട്ടുള്ളത്. ഫെയര്‍ സ്റ്റേജില്‍ വലിയ അപാകതയുണ്ടെന്ന് യാത്രക്കാര്‍ നിരന്തരം പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇതിലെ അപകാത പരിഹരിക്കാനും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയെ തന്നെ ചുമതലപ്പെടുത്തിയ തമാശയും കേരളത്തില്‍ അരങ്ങേറി. ഇതിനിടെ ഇങ്ങനെ ഒരു കമ്മറ്റിയെ ചുമതല ഏല്‍പിച്ചിട്ടില്ല എന്ന വിവരാവകാശനിയമപ്രകാരമുള്ള വിവരങ്ങളും പൊതുപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.
കെ.എസ് ആര്‍ടിസി നഷ്ടത്തിലാണ് അതിനാല്‍ കോര്‍പ്പറേഷനെ രക്ഷിക്കാന്‍ നിരക്ക് കുറക്കാനാവില്ല എന്ന നിലപാടും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പങ്കുവെയ്ക്കുന്നു. എന്നാല്‍ കെഎസ്ആര്‍ടിസിയെ രക്ഷിക്കാനെന്ന വ്യാജേന ബസ് മുതലാളിമാരുടെ ചൂഷണത്തിന് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കും കൂട്ടണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രന്റെ അഭിപ്രായം. സര്‍ക്കാരിന്റെയും, ജസ്റ്റിസ് രാമചന്ദ്രന്റെയും ഇത്തരം നിലപാടുകള്‍ ആര്‍ക്ക് വേണ്ടിയാണെന്നാണ് നാട്ടുകാരുടെ ചോദ്യം. തികച്ചും നീതിപൂര്‍വ്വമായി പ്രവര്‍ത്തിക്കുന്ന ന്യായാധിപന്മാരെ വിരമിച്ച ശേഷം ഇത്തരം സംവിധാനങ്ങളുടെ തലപ്പത്തേക്ക് കൊണ്ട് വരുന്നത് ജനപക്ഷത്ത് നിന്ന് നീതിപൂര്‍വ്വം തീരുമാനങ്ങളെടുക്കുമെന്ന വിശ്വാസത്തോടെയാണ്. പലരും ഈ വിസ്വാസം കൃത്യമായി പാലിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ബസ് മുതലാളിമാര്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.
ജനവികാരത്തെ പുല്ല് പോലെ അവഗണിക്കുന്ന ക്രൂരനിലപാടാണ് സര്‍ക്കാരും ഇക്കാര്യത്തില്‍ വച്ചു പുലര്‍ത്തുന്നത്. അഴിമതി ആരോപണങ്ങളില്‍ നട്ടം തിരിയുമ്പോഴും ജനപക്ഷത്ത് നിന്ന് ചിന്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് അവരുടെ ധാര്‍ഷ്ട്യമാണ് കാണിക്കുന്നത്. ജനങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന ചോദ്യം നിശ്ബദമായി സര്‍ക്കാര്‍ മുന്നോട്ടെറിയുന്നു. എന്നാല്‍ ദൈംന്യം ദിന ജീവിതത്തെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ ശക്തമായ നിലപാട് വച്ച് പുലര്‍ത്തുന്നവരാണ് ജനങ്ങള്‍. പ്രതിപക്ഷം ബസ് ചാര്‍ജ്ജ് കുറക്കാന്‍ ആവശ്യപ്പെടുന്നില്ലല്ലോ എന്ന വാദത്തില്‍ ഭരണപക്ഷത്തിന് ഞെളിഞ്ഞിരിക്കാനാവില്ല എന്ന് ജനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്ന കാലം വിദൂരമല്ല. ഇക്കാര്യത്തില്‍ മൗനം പുലര്‍ത്തുന്ന പ്രതിപക്ഷ നിലപാടുകളും ചോദ്യം ചെയ്യപ്പെടും. ജനങ്ങള്‍ക്ക് പകരം ഓപ്ഷനില്ല എന്ന ദാര്‍ഷ്ട്യം പലപ്പോഴും പലയിടത്തും ജനങ്ങള്‍ പൊളിച്ചെഴുതുന്നതും ആരും കാണാതെ പോകരുത്.

അഭിപ്രായങ്ങള്‍

You might also like More from author