സമാജ് വാദ് പാര്‍ട്ടി മുതിര്‍ന്നനേതാവും അഖിലേഷ് യാദവിന്റെ വിശ്വസ്തനുമായ നരേഷ് അഗര്‍വാള്‍ ബിജെപിയിലേക്ക്

ഡല്‍ഹി: സമാജ്വാദി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് നരേഷ് അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് അഗര്‍വാളിന്റെ സാന്നിധ്യത്തില്‍ കേന്ദ്ര മന്ത്രി പീയൂഷ് ഗോയലാണ് തീരുമാനം പ്രഖ്യാപിച്ചത്. മകനും എംഎല്‍എയുമായ നിതിന്‍ അഗര്‍വാളും ബിജെപിക്ക് പിന്തുണ അറിയിച്ചു.

അഖിലേഷ് യാദവിന്റെ വിശ്വസ്തന്‍ കൂടിയാണ് നരേഷ് അഗര്‍വാള്‍. ഏഴ് തവണ എംഎല്‍എയായിരുന്നു. അഗര്‍വാള്‍ പാര്‍ട്ടി വിട്ടത് എസ്പിക്ക് കനത്ത തിരിച്ചടിയാണ്. രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാര്‍ട്ടിയുടെ തീരുമാനം ഉല്‍ക്കൊള്ളാനാകാത്തതാണ് ്ഗര്‍വാള്‍ പാര്‍ട്ടിവിടാന്‍ കാരണമായത്. സിനിമയില്‍നിന്നും രാഷ്ട്രീയ രംഗത്തെത്തിയ ജയാ ബച്ചനെ രാജ്യസഭയിലേക്ക് വീണ്ടും മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു.പാര്‍ലമെന്റില്‍ പാര്‍ട്ടിയുടെ അംഗസംഖ്യ കുറയുന്ന സാഹചര്യത്തില്‍ ശക്തനായ ഒരാളെ തെരഞ്ഞെടുക്കണമെന്ന് അഭിപ്രായമുയര്‍ന്നു.

ജയാ ബച്ചനും അഗര്‍വാളും ഉള്‍പ്പെടെ എസ്പിയുടെ ആറ് രാജ്യസഭാ അംഗങ്ങളുടെ കാലാവധി ഈ മാസം അവസാനിക്കും. നിയമസഭയിലെ ഇപ്പോഴത്തെ ശക്തിയനുസരിച്ച് ഒരാളെ മാത്രമാണ് പാര്‍ട്ടിക്ക് ജയിപ്പിക്കാനാവുക. മുതിര്‍ന്ന നേതാക്കളായ രാംഗോപാല്‍ യാദവ് നരേഷിനെയും അസംഖാന്‍ മുനവര്‍ സലീമിനെയും സ്ഥാനാര്‍ത്ഥിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ജയാ ബച്ചനെ മത്സരിപ്പിക്കാനുള്ള തീരുമാനം പാര്‍ട്ടിയില്‍ അത്ഭുതവും ഭിന്നതയും ഉണ്ടാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.