രാജ്യാന്തര മരിടൈം പ്രതിരോധ പ്രദര്‍ശനസമ്മേളനത്തിന് പങ്കെടുക്കാന്‍ യുദ്ധക്കപ്പലുകളിലേ താരമാകാന്‍ ഐഎന്‍എസ് കൊല്‍ക്കത്ത

രാജ്യാന്തര മരിടൈം പ്രതിരോധ പ്രദര്‍ശനസമ്മേളനത്തിന് പങ്കെടുക്കാന്‍ ഇന്ത്യയുടെ ഐഎന്‍എസ് കൊല്‍ക്കത്തയും. ഇന്ത്യ, ബംഗ്ലദേശ്, ഇറ്റലി, ഒമാന്‍, പാക്കിസ്ഥാന്‍, യുഎസ്, യുകെ എന്നിവിടങ്ങളില്‍ നിന്നായി എത്തുന്ന 11 യുദ്ധക്കപ്പലുകളിലേ താരമാകാനാണ് ഐഎന്‍എസ് കൊല്‍ക്കത്ത ദോഹയില്‍ എത്തിയത്. ദോഹയിലെ ഹമദ് തുറമുഖത്താണ് ഐഎന്‍എസ് കൊല്‍ക്കത്ത നങ്കൂരമിട്ടത്.
ഖത്തര്‍ സായുധ സേനയാണു മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ നേവിയുടെ ശക്തി ലോക രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് ഡിംഡെക്‌സ്.

ഖത്തര്‍ കപ്പല്‍ ഹുവാര്‍, ബംഗ്ലദേശ് കപ്പല്‍ ബിഎന്‍എസ് ബംഗബന്ധു, ഇറ്റലിയില്‍ നിന്നുള്ള കാര്‍ലോ മര്‍ഗോറ്റിനി, യുഎസ് നാവിക സേനയുടെ യുഎസ്എസ് സാംപ്‌സണ്‍, രണ്ട് എംകെ ആറ് നിരീക്ഷണ കപ്പലുകള്‍, യുകെയില്‍ നിന്ന് ആര്‍എഫ് കാര്‍ഡിജന്‍ ബേ, എച്ച്എംഎസ് മിഡില്‍ ടണ്‍, ഒമാനില്‍ നിന്നുള്ള നിരീക്ഷണ കപ്പല്‍ കസബ്, പാക്കിസ്ഥാനില്‍നിന്ന് പിഎന്‍എസ് ഹിമ്മത്, ബിഎംഎസ്എസ് ബസോല്‍ എന്നിവയാണു പ്രദര്‍ശനത്തിന്റെ ഭാഗമായി ഹമദ് തുറമുഖത്തെത്തിയ മറ്റുകപ്പലുകള്‍. ഡിംഡെക്‌സിന്റെ പത്താമത്തെ എഡിഷനാണ് ഇത്തവണത്തേത്. ഔദ്യോഗിക ഉദ്ഘാടനം ഇന്നു ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ രക്ഷാധികാരത്തില്‍ നടക്കും.

പ്രൊജക്ട് 15 എ എന്ന കൊല്‍ക്കത്ത ക്ലാസിലെ ആദ്യ കപ്പലാണ് ഐഎന്‍എസ് കൊല്‍ക്കത്ത. പൂര്‍ണമായും ഇന്ത്യയുടെ ടെക്‌നോളജിയാണ് കൊല്‍ക്കത്തയില്‍ ഉപയോഗിച്ചിരിക്കുന്നത്. 2014 ഓഗസ്റ്റ് 16 നാണ് കൊല്‍ക്കത്ത നീറ്റിലിറക്കിയത്.കനത്ത പ്രഹരശേഷിയുള്ള ഇന്ത്യയുടെ അത്യാധുനിക യുദ്ധക്കപ്പലാണ് ഇത് ഏതൊരു വിദേശ യുദ്ധക്കപ്പലിനെയും കിടപിടിക്കും കൊല്‍ക്കത്ത ക്ലാസിലെ ഈ കരുത്തന്‍. 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസ് മിസൈല്‍ വഹിക്കാനുള്ള ശേഷി തന്നെയാണ് ഏറ്റവും വലിയ ശക്തി. കൂടാതെ സര്‍ഫസ് ടു എയര്‍ മിസൈല്‍ ബാരക്-8, 76 എംഎം സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ട്, എകെ 630 സിഐഡബ്യൂഎസ് (ക്ലോസ് ഇന്‍ വെപ്പണ്‍ സിസ്റ്റം) എന്നീ ആയുധങ്ങളും ഈ കപ്പലില്‍ നിന്നും പ്രയോഗിക്കാന്‍ സാധിക്കും.

അത്യാധുനിക കോംപാക്ട് മാനേജ്മെന്റ് സിസ്റ്റം (സിഎംഎസ്15 എ), ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റം, ശത്രുക്കളുടെ റഡാര്‍ നിയന്ത്രിത മിസൈലുകളെ നേരിടാനുള്ള ടെക്‌നോളജി ( മിസൈല്‍ ഗതിമാറ്റി വിടാനുള്ള സംവിധാനം), പുതിയ ആശയവിനിമയ സംവിധാനങ്ങള്‍ എല്ലാം ഈ കപ്പലിലുണ്ട്. കൊല്‍ക്കത്ത ക്ലാസ് ഡിസ്‌ട്രോയര്‍ കപ്പലുകളുടെ മറ്റൊരു വലിയ പ്രത്യേകത സോണാറാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സോണാര്‍ സിസ്റ്റമായ ഹംസ-എന്‍ജി യാണ് ഐഎന്‍എസ് കോല്‍ക്കത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കടല്‍ വഴിയുള്ള ശത്രുക്കളുടെ നീക്കങ്ങളെ കൃത്യമായി കണ്ടെത്താന്‍ ഇതിനു സാധിക്കും. വെള്ളത്തിനടിയിലൂടെ ശബ്ദ തരംഗങ്ങള്‍ അയയ്ക്കുന്ന സംവിധാനമാണ് സോണാര്‍.

12 ടണ്‍ കരുത്തുള്ള രണ്ടു മീഡിയം റേഞ്ച് ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഈ കപ്പലിന് ശേഷിയുണ്ട്. 163 മീറ്റര്‍ നീളവും 17.4 മീറ്റര്‍ വീതിയുമുള്ള കപ്പലിന്റെ ഭാരം 7500 ടണ്ണാണ്. കംപെയ്ന്‍ഡ് ഗ്യാസ് ആന്‍ഡ് ഗ്യാസ് പ്രൊപല്‍ഷന്‍ സംവിധാനമാണ് (കോഗ്യാസ്) ഉപയോഗിച്ചിരിക്കുന്നത്. നാലു ഗ്യാസ് ടര്‍ബൈനുകളുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന കപ്പലിന്റെ പരമാവധി വേഗം മണിക്കൂറില്‍ 56 കിലോമീറ്ററാണ്. കപ്പലിലെ വൈദ്യുതി സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് 4.6 മെഗാ വാട്ടിന്റെ ഗ്യാസ് ടര്‍ബൈന്‍ ജനറേറ്ററുകളുടെ സഹായത്തോടെയാണ്. കപ്പലുകളുടെ സ്റ്റെല്‍ത്ത് ഡിസൈനാണ് മറ്റൊരു പ്രത്യേകത. ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ നീങ്ങാന്‍ ഈ ഡിസൈന്‍ സഹായിക്കുന്നു. ശത്രുക്കളുടെ റഡാര്‍ പരിധിയില്‍ വരാതെ മുന്നോട്ടു കുതിക്കാനും ഈ കപ്പലുകള്‍ക്ക് സാധിക്കും.
കടപ്പാട് : മലയാള മനോരമ

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.