സര്‍ക്കാര്‍ ബംഗ്ലാവ് നാശം നഷ്ടം വരുത്തി തിരികെ നല്‍കിയ അഖിലേഷ് യാദവിനെതിരെ അന്വേഷണം


അഖിലേഷ് യാദവ് തന്റെ ഗവണ്മെന്റ് ബംഗ്‌ളാവ് നാശം വരുത്തി തിരികെ നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഗവര്‍ണ്ണറുടെ ഉത്തരവ്. ബംഗ്ലാവ് നശിപ്പിച്ചതാരെന്നും കണ്ടെത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാനാണ് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഉണ്ടാക്കിയിരിയ്ക്കുന്ന ഗവണ്മെന്റ് ബംഗ്‌ളാവുകള്‍ നാശം വരുത്തിയത് ആരായാലും ഗുരുതരമായ കുറ്റമാണ്. ഇതൊരു നിസ്സാര കാര്യമല്ലെന്നും കുറ്റവാളികള്‍ക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകാനും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഗവണ്മെന്റ് ബംഗ്‌ളാവുകളില്‍ നിന്ന് എന്തൊക്കെയാണ് നഷ്ടമായതെന്ന് കൃത്യമായ പട്ടികയുണ്ടാക്കണമെന്നും അതിലുള്ള വസ്തുവകകളോ തത്തുല്യമായ തുകയോ കുറ്റക്കാരില്‍ നിന്ന് ജപ്തിചെയ്ത് ഈടാക്കാനും യോഗി ആദിത്യനാഥ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

അഖിലേഷ് ഗവണ്മെന്റ് തന്നെയാണ് മുന്‍ മുഖ്യമന്ത്രിമാര്‍ക്കായി ഔദ്യോഗികവസതികള്‍ അനുവദിയ്ക്കുന്ന നിയമം പാസ്സാക്കിയത്. ഒപ്പം തനിയ്ക്കായി സര്‍ക്കാര്‍ ചിലവില്‍ നാല്‍പ്പത്തഞ്ച് കോടി രൂപാ മുടക്കി ബംഗ്‌ളാവ് പണിയുകയും ചെയ്തു. എന്നാല്‍ ആ നിയമം ഭരണഘടനാപ്രകാരം നിലനില്‍ക്കുന്നതല്ലെന്നും മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വസതികള്‍ അനുവദിയ്‌ക്കേണ്ട കാര്യം ഗവണ്മെന്റിനില്ലെന്നും സുപ്രീം കോടതി വിധിയുണ്ടായിരുന്നു.

സുപ്രീം കോടതി വിധിയെത്തുടര്‍ന്നാണ് അഖിലേഷ് യാദവിനും മറ്റു മുന്‍ മുഖ്യമന്ത്രിമാര്‍ക്കും സര്‍ക്കാര്‍ വസതികള്‍ ഒഴിയേണ്ടി വന്നത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും, മായാവതിയും, അഖിലേഷ് യാദവിന്റെ പിതാവ് മുലായം സിംഗ് യാദവും വിധിയെത്തുടര്‍ന്ന് തങ്ങള്‍ക്കനുവദിച്ച വസതികള്‍ കേടുപാടുകളൊന്നുമില്ലാതെ ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. എന്നാല്‍ തന്റെ ഭരണകാലത്തു തന്നെ നാല്‍പ്പത്തഞ്ച് കോടി രൂപ മുടക്കി തനിയ്ക്കായി പണിത ബംഗ്‌ളാവ് മുഴുവന്‍ തകര്‍ത്ത് തരിപ്പണമാക്കിയാണ് അഖിലേഷ് യാദവ് ഒഴിഞ്ഞുകൊടുത്തത്

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.