ബ്‌ളൂസ്റ്റാര്‍ ഓപ്പറേഷന്‍ രഹസ്യരേഖകള്‍ പുറത്തുവിടാന്‍ ബ്രിട്ടന് കോടതി നിര്‍ദ്ദേശം

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സമയത്ത് അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്കെതിരേ നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പങ്കാളിത്തത്തെപ്പറ്റിയുള്ള രഹസ്യരേഖകള്‍ പുറത്തുവിടാന്‍ നിര്‍ദ്ദേശം. ബ്രിട്ടീഷ് വിവരാവകാശ ട്രിബ്യൂണല്‍ ആണ് ബ്രിട്ടീഷ് സര്‍ക്കാരിനോട് രേഖകള്‍ പുറത്തുവിടാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഓപ്പറേഷന്‍ ബ്‌ളൂസ്റ്റാറിന്റെ സമയത്ത് ബ്രിട്ടീഷ് സര്‍ക്കാരിനോട് ആളാപായം കുറച്ചുകൊണ്ട് എങ്ങനെ ഇതുപോലെ ഒരു കമാന്‍ഡോ ഓപ്പറെഷന്‍ ചെയ്യാം എന്നതിനെപ്പറ്റി ഇന്ത്യ വിദഗ്ധാഭിപ്രായം ആരാഞ്ഞിരുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു ശേഷമാണ് ബ്രിട്ടനിലെ ചില സിഖ് സംഘടനകള്‍ വിവരാവകാശ ട്രിബ്യൂണലിലെ സമീപിച്ചത്. അന്നത്തെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങ് ചീഫ് ഗിരീഷ് സക്സേനയും ബ്രിട്ടനിലെ സുരക്ഷാ ഇന്റലിജന്‍സ് വിഭാഗമായ MI-6 ഉം തമ്മില്‍ ഖാലിസ്ഥാന്‍ ഭീകരവാദം അമര്‍ച്ച ചെയ്യുന്നതിനെപ്പറ്റി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ബ്രിട്ടനില്‍ നിന്നുള്ള ചില സിഖ് സംഘടനകള്‍ അന്ന് ഖാലിസ്ഥാന്‍ ഭീകരവാദികളെ സഹായിച്ചിരുന്നു. പല ഖാലിസ്ഥാന്‍ വാദികളും ഓപ്പറേഷന്‍ ബ്‌ളൂസ്റ്റാറിനു ശേഷം കുടിയേറിപ്പാര്‍ത്ത ഒരു രാജ്യവുമാണ് ബ്രിട്ടന്‍. അവരെപ്പറ്റിയുള്ള വിവരങ്ങളും ഇരുരാജ്യങ്ങളും കൈമാറിയിരുന്നു എന്ന് കരുതുന്നു.

മറ്റു രാജ്യങ്ങളുമായുള്ള ഉഭയകക്ഷിബന്ധങ്ങളെ ബാധിയ്ക്കും എന്നുള്ളതുകൊണ്ട് ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ ബ്രിട്ടീഷ് ഗവണ്മെന്റ് തയ്യാറല്ല എന്നാണ് അവര്‍ വിവരാവകാശക്കോടതിയില്‍ അറിയിച്ചത്. എന്നാല്‍ മുപ്പതുകൊല്ലം കഴിഞ്ഞ സ്ഥിതിയ്ക്ക് വിവരങ്ങള്‍ പുറത്താക്കുന്നതില്‍ തെറ്റില്ല എന്നാണ് കോടതി തീരുമാനിച്ചത്.

ബ്രിട്ടീഷ് ഗവണ്മെന്റ് ഈ വിധിയ്‌ക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് അറിയുന്നത്. അപ്പീല്‍ നല്‍കുവാനായി ഗവണ്മെന്റിന് ഒരുമാസം സമയവും ട്രിബൂണല്‍ അനുവദിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.