‘തന്റെ മരണത്തിന് കാരണം സിപിഎം’; പാര്‍ട്ടിക്കെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടി

വൈപ്പിന്‍: പാര്‍ട്ടിക്കെതിരേ ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് സി.പി.എം. നേതാവായ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൊച്ചി അഴിമുഖത്ത് ബോട്ടില്‍നിന്ന് ചാടി. എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ. കൃഷ്ണന്‍(74) ആണ് ചൊവ്വാഴ്ച രാത്രി ഏഴരയോടെ വൈപ്പിനില്‍നിന്ന് ഫോര്‍ട്ടുകൊച്ചിക്കുള്ള ഫെറി ബോട്ടില്‍നിന്ന് കായലില്‍ ചാടിയത്.

ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ കത്തേല്‍പ്പിച്ചിട്ടാണ് ചാടിയത്. മേയ് 31-ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബി.ജെ.പി. പിന്തുണച്ചതോടെ കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. സ്ഥാനനഷ്ടമല്ല ആത്മഹത്യയ്ക്ക് കാരണമെന്ന് കത്തില്‍ പറയുന്നു.

തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്ന് കത്തില്‍ ആരോപിച്ചിട്ടുണ്ട്. താന്‍ തെറ്റുകളുടെ കൂമ്പാരമാണെന്നും കുറിപ്പില്‍ പറയുന്നു.

നിലവില്‍ ലോക്കല്‍ കമ്മിറ്റിയംഗമാണ് കൃഷ്ണന്‍. തിങ്കളാഴ്ച നടന്ന ലോക്കല്‍ കമ്മിറ്റിയിലും ചൊവ്വാഴ്ച വൈകീട്ട് നടന്ന പഞ്ചായത്ത് കമ്മറ്റിയിലും കൃഷ്ണന്‍ പങ്കെടുത്തിരുന്നു.

2005-’10 കാലയളവിലും പഞ്ചായത്ത് അംഗമായിരുന്നു. വിഭാഗീയത ശക്തമായ കാലയളവില്‍ വി.എസ്. പക്ഷം നടത്തിയ ചെറുത്തുനില്പിന്റെ മുന്‍നിരയില്‍ കൃഷ്ണനുമുണ്ടായിരുന്നു. പട്ടികജാതി സംവരണമായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വി.കെ. കൃഷ്ണന് ലഭിക്കുന്നതിനുള്ള അടവ് നയമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിമതവിഭാഗം സ്വീകരിച്ചത്. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കൊപ്പം വോട്ട് നേടി നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റായത്. കൃഷ്ണനായുള്ള തിരച്ചില്‍ രാത്രി വൈകിയും തുടരുകയാണ്

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.