വേള്‍ഡ് കപ്പ് മാമാങ്കത്തിന് ശേഷിക്കുന്നത് ഒരു ദിനം മാത്രം; റഷ്യയിലേക്ക് കണ്ണ് നട്ട് ലോകം

21 -ാം ഫുട്‌ബോള്‍ ലോകകപ്പിന് നാളെ റഷ്യയില്‍ തുടക്കം. രാത്രി 8.30ന് ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആദിധേയരായ റഷ്യയും, സൗദി അറേബ്യയും ഏറ്റുമുട്ടും. ജൂലൈ 15 നാവും ഫൈനല്‍ നടക്കുക. ഫുട്‌ബോള്‍ ആരവങ്ങള്‍ ഉണരാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി.

നാല് വര്‍ഷം മുമ്പ് മാരക്കാനയിലെ സ്‌റ്റേഡിയത്തില്‍ നിറകണ്ണുകളോടെ നിന്ന ലിയൊണല്‍ മെസ്സി. അതിനും 5 ദിവസം മുമ്പ് ബൊലേ ഹൊറിസോണ്ടയിലെ ദേശീയ ദുരന്തം നിറകണ്ണുകളോടെ കണ്ട നെയ്മര്‍, ഒരു ടീമിനെ ഒറ്റക്ക് ചുമലിലേറ്റുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്‌ബോള്‍ ടീം ഗെയിമാണെന്ന് തെളിയിക്കുന്ന ജര്‍മനി. ആഹ്ലാദത്തിന്റെയും കണ്ണീരിന്റെയും ആവേശത്തിന്റെയും നിരാശയുടെയും നിമിഷങ്ങളിലൂടെ ലോകം സഞ്ചരിക്കുന്ന 31 ദിനങ്ങള്‍ ആരംഭിക്കുകയാണ്.

88 വർഷം മുമ്പ് ഉറുഗ്വേയിൽ തുടങ്ങിയ ഈ ഉത്സവം 4 കൊല്ലത്തിലൊരിക്കൽ നടക്കുമ്പോൾ, നോക്കും നടപ്പും വിചാരവുമൊക്കെ ഇവിടേക്ക് മാത്രമായി ചുരുങ്ങുന്നു. കിരീട പ്രതീക്ഷയുമായെത്തുന്ന ജർമനിയും ബ്രസീലും അർജൻറീനയും സ്പെയിനും മുതൽ പങ്കാളിത്തം പോലും വിദൂര സ്വപ്നമായ നമ്മുടെ ഇന്ത്യയിൽ വരെ കാൽപ്പന്താരവത്തിന്‍റെ അലയൊലികൾ മറ്റെന്തിനും മീതെ ഉയർന്നു കേൾക്കുന്ന നാളുകൾ. 

കണക്കുകൾക്കും താരമൂല്യത്തിനും പ്രവചനങ്ങൾക്കുമപ്പുറം കളത്തിൽ മികവ് കാട്ടേണ്ട 90 മിനിറ്റ്. അങ്ങനെ പ്രതീക്ഷയുടെയും സങ്കടത്തിൻറെയും ഭാഗ്യ നിർഭാഗ്യങ്ങളുടെയും 64 മത്സരങ്ങൾക്കൊടുവിൽ ജൂലൈ 15ന് ലുഷ്നികി സ്റ്റേഡിയത്തിലെ ആർത്തലക്കുന്ന ഗാലറികൾക്കിടയിലെ മൈതാന മധ്യത്തിൽ അങ്കം ജയിച്ച് കിരീടവുമായി നിൽക്കുന്ന പടത്തലവൻ ആരാകും. അൽപം കൂടി കാത്തിരിക്കാം. റഷ്യ, ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഏറ്റവും വലിയ കാർണിവലിനായി. 32 ടീമുകളുടെ റഷ്യൻ കാർണിവലിനായി. 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.