കുമ്മനം രാജശേഖരന്‍ നാളെ നാട്ടിലെത്തും, ഇസഡ് പ്ലസ് സുരക്ഷ ഒരുങ്ങും

 

പത്തനംതിട്ട; മിസ്സോറാം ഗവര്‍ണറും മുന്‍ സംസ്ഥാന ബിജെപി അദ്ധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരന്‍ നാളെ കേരളത്തിലെത്തും. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയിലാണ് ഗവര്‍ണറിന്റെ വരവ്. ജൂണ്‍ 20 വരെ കേരളത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് ശേഷമാവും ഗവര്‍ണര്‍ മടങ്ങുക. 15ന് ശബരിമല ദര്‍ശനവും ഉണ്ടാവും.

മിസോറമില്‍ ഗവര്‍ണര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള സുരക്ഷ ചെറുതല്ല. ആയുധധാരികളായ നൂറ് സിആര്‍പിഎഫ് ഭടന്‍മാരാണ് ബംഗ്ലാവിന് ചുറ്റും കാവലായുള്ളത്. പുറത്ത് അസം റൈഫിള്‍സിന്റെ അന്‍പത് പേരുടെ പട. രഹസ്യാന്വേഷണ വിഭാഗവും മറ്റു മഫ്ടിയിലെ സംഘവും വേറെ. എന്താവശ്യത്തിനും എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്റര്‍ രാജ്ഭവന് മുന്നില്‍ തന്നെയുണ്ട്. സുരക്ഷ ഏകോപിപ്പിക്കാന്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥനും സിആര്‍പിഎഫിന്റെ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനും നേതൃത്വം നല്‍കുന്നു. ഗവര്‍ണറുടെ സെക്രട്ടറിയായി നിയമിക്കപ്പെട്ടിട്ടുള്ളത് മുതിര്‍ന്ന ഒരു ഐഎഎസ് ഉദ്യോസ്ഥനാണ്.

കഴിഞ്ഞ തിങ്കളാഴ്ച ഡല്‍ഹിയില്‍ ഗവര്‍ണര്‍മാരുടെ യോഗത്തില്‍ പങ്കെടുത്ത കുമ്മനം മിസോറം വികസനത്തിന്റെ പ്ലാന്‍ അവതരിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചു വരുത്തി ചര്‍ച്ച നടത്തിയാണ് മിസോറമിനുവേണ്ടി പദ്ധതി തയാറാക്കിയത്.  

‘യാത്രാസൗകര്യമില്ലായ്മയാണ് മിസോറമിന്റെ ഒരു പ്രശ്നമെന്നും ആഴ്ചയില്‍ രണ്ടു ദിവസമേ ഡല്‍ഹിയിലേക്ക് വിമാന സര്‍വീസ് ഉള്‌ളുവെന്നും. അതുപോലെ തന്നെ ട്രെയിന്‍ സര്‍വീസും കുറവാണ്എന്നും ഗവര്‍ണര്‍ പറയുന്നു

12 ലക്ഷമാണ് 2011 ലെ സെന്‍സസ് പ്രകാരം മിസോറാമിലെ ജനസംഖ്യ. ഗ്രീന്‍ മിസോറം. ക്ലീന്‍ മിസോറം. സ്ഥായിയായ വികസനം എന്ന ആശയമാണ് നാളെ പ്രധാനമന്ത്രിയെ കാണുമ്പോള്‍ കുമ്മനം സമര്‍പ്പിക്കുന്ന നിര്‍ദേശം.

പത്തു ദിവസത്തില്‍ കൂടുതല്‍ ഗവര്‍ണര്‍ സംസ്ഥാനത്തുനിന്ന് മാറി നില്‍ക്കരുതെന്നാണ് വ്യവസ്ഥ. അതിനാല്‍ തന്നെ 20ന് തിരികെ പോകാനാണ് ഗവര്‍ണറുടെ തീരുമാനം.

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.