അഖില കേസ്, കേരളത്തിലെ തീവ്രവാദ ബന്ധങ്ങള്‍ അന്വേഷിക്കണമെന്ന് സുപ്രീംകോടതിയില്‍ പിതാവ് അശോകന്‍

ഡല്‍ഹി: കേരളത്തിലെ തീവ്രവാദ ബന്ധങ്ങള്‍ അന്വേഷിക്കണമെന്ന് സത്യവാങ് മൂലത്തില്‍ സുപ്രീംകോടതിയില്‍ അഖിലയുടെ പിതാവ് അശോകന്‍. ഉയര്‍ന്ന സാക്ഷരതയുള്ള കേരളത്തില്‍ നിന്ന് എന്തുകൊണ്ട് ഇത്രയും കൂടുതല്‍ യുവാക്കള്‍ മതതീവ്രവാദത്തിലേക്ക് പോകുന്നുവെന്ന് അറിയാന്‍ അന്വേഷണം നടത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ടെന്ന് സുപ്രീംകോടതിയില്‍ അശോകന്‍ പറഞ്ഞു. ഇതവസാനിപ്പിക്കാന്‍ അടിയന്തര നടപടിയെടുത്തില്ലെങ്കില്‍ സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാകും അശോകന്‍ പറഞ്ഞു. അഖിലകേസ് അന്വേഷണം ഏറ്റെടുക്കാന്‍ അനുമതി തേടി എന്‍.ഐ.എ സമര്‍പ്പിച്ച അപേക്ഷയെ പിന്തുണച്ച് നല്‍കിയ സത്യവാങ്മൂലത്തിലാണ് കോട്ടയം വൈക്കം ടി.വി പുരം ‘ദേവികൃപ’യിലെ അശോകന്റെ ആവശ്യം.

തീവ്രവാദ ആദര്‍ശത്താല്‍ കേരളത്തില്‍ വലിയൊരുവിഭാഗം യുവാക്കള്‍ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയമായി തീവ്രവാദികളാകുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ മുതിര്‍ന്ന സ്ത്രീയെന്ന് മാത്രം പരിഗണിച്ച് കോടതി ഒരു തീരുമാനമെടുക്കരുതെന്നും അശോകന്‍ അഭ്യര്‍ഥിച്ചു. ഐ.എസില്‍ ചേരാന്‍ സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് കേരളത്തില്‍ നിന്ന് പോയതും മുതിര്‍ന്നവരും വിദ്യാഭ്യാസമുള്ളവരുമാണ്. സിറിയയിലേക്ക് ആടുമേയ്ക്കാന്‍ പോകണമെന്ന് ആഗ്രഹമുണ്ടെന്ന് അഖില വെളിപ്പെടുത്തിയെന്ന് ബോധിപ്പിച്ചാണ് ഇത്തരമൊരാശങ്ക പിതാവ് ഉയര്‍ത്തിയത്.

മതപരിവര്‍ത്തനം ചെയ്തവരടക്കം നിരവധി പേരെ വിദേശത്തുള്ള ഐ.എസിന്റെ പരിശീലനക്യാമ്പുകളിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും കാസര്‍കോട്, പാലക്കാട്, മലപ്പുറം ജില്ലകള്‍ റിക്രൂട്ടിങ് ഗ്രൗണ്ട് ആണെന്നും സത്യവാങ്മൂലം ആരോപിക്കുന്നു. മകളുടെ മതംമാറ്റം ഒറ്റപ്പെട്ട സംഭവമല്ലെന്നും ‘സത്യസരണി’യില്‍ നിരവധിപേരെ മതം മാറ്റിയിട്ടുണ്ടെന്നും പറഞ്ഞു. കേസുകളുടെ വിശദാംശങ്ങളും അശോകന്‍ സമര്‍പ്പിച്ചു.

അഖിലകേസ് അന്വേഷണം ഏറ്റെടുക്കാന്‍ അനുമതി തേടി എന്‍.ഐ.എ ഈ മാസം പത്തിനാണ് അപേക്ഷ നല്‍കിയത്. ഈ മാസം 16ന് കേസ് പരിഗണിക്കും.

 

അഭിപ്രായങ്ങള്‍

You might also like More from author