ഉദ്ഘാടനം കഴിഞ്ഞ് ആറുവര്‍ഷമായിട്ടും ജില്ലാ ആശുപത്രിയിലെ ട്രോമ കെയര്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചില്ല, കേന്ദ്ര സര്‍ക്കാര്‍ 2.7 കോടി രൂപ അനുവദിച്ചതില്‍ ചെലവഴിച്ച തുകയ്ക്കും കണക്കില്ല

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ആറുവര്‍ഷം മുന്‍പ് ഉദ്ഘാടനം ചെയ്ത ട്രോമ കെയര്‍ യൂണിറ്റ് പ്രവര്‍ത്തനം ഇതുവരെ തുടങ്ങിയിട്ടില്ല. ഒപ്പം ചെലവഴിച്ച തുകയ്ക്കും വ്യക്തമായ കണക്കില്ല. ഉദ്ഘാടനം കഴിഞ്ഞെങ്കിലും സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സാധിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വിശദീകരണം.

2.7 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ട്രോമ കെയര്‍ യൂണിറ്റിനായി അനുവദിച്ചിട്ടുള്ളത്. ഇതില്‍ 1.5 കോടി രൂപ ഇതുവരെ ചെലവഴിച്ചെങ്കിലും ട്രോമ കെയര്‍ സംവിധാനം എങ്ങുമെത്തിയില്ല. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലവിലെ അത്യാഹിത വിഭാഗം വിപുലീകരിച്ചു. ഒപ്പം തീവ്ര പരിചരണ യൂണിറ്റിന്റെ പണി പുരോഗമിക്കുന്നു എന്നുമാണ് വിവരാവകാശ നിയമപ്രകാരം ബിജെപി ജില്ലാ സെക്രട്ടറി പി.രാജീവിനു ലഭിച്ച മറുപടി. ആംബുലന്‍സും ഉപകരണങ്ങളും വാങ്ങാന്‍ 20 ലക്ഷം, ആശയ വിനിമയ സംവിധാനത്തിന് ഒരു ലക്ഷം, നിര്‍മാണ പ്രവൃത്തികള്‍ 63 ലക്ഷം, ഉപകരണങ്ങളും ഫര്‍ണിച്ചറും വാങ്ങാന്‍ 66 ലക്ഷം എന്നിങ്ങനെ ചെലവഴിച്ചതായാണു വിവരാവാകാശ രേഖകള്‍. ആശയ വിനിമയ സംവിധാനത്തിനായി അനുവദിച്ച ഒരു ലക്ഷം രൂപ ചെലവഴിച്ചതായി കാണുന്നില്ലെന്ന് വിശദീകരണ രേഖകള്‍ വ്യക്തമാക്കിയിട്ടുണ്ട്. 66 ലക്ഷം രൂപ ചെലവഴിച്ചതിനാല്‍ 63 ലക്ഷത്തിന്റെ കണക്കുകളും വ്യക്തമല്ല.

നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ 48.5 ലക്ഷം രൂപയ്ക്കു മാത്രമേ രേഖകള്‍ ഉള്ളൂ. ഒന്നരക്കോടി രൂപ അനുവദിച്ചതില്‍ 78 ലക്ഷം രൂപയ്ക്കു കണക്കുകള്‍ ഇല്ലെന്ന് പി. രാജീവ് പറഞ്ഞു. ഇതിനെതിരെ നടപടിക്ക് ഒരുങ്ങുകയാണ് അദ്ദേഹം. 2011 ഫെബ്രുവരി 26നാണ് ട്രോമ കെയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. വേണ്ടത്ര ഫണ്ട് അനുവദിച്ച് ആറു വര്‍ഷം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങള്‍പോലും ഒരുക്കാതെ ട്രോമ കെയര്‍ യൂണിറ്റ് അനിശ്ചിതത്വത്തിലാക്കി അധികൃതര്‍ ഇപ്പോഴും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളുടെ ജീവന്‍ പന്താടുകയാണെന്നാണു പരാതി.

 

അഭിപ്രായങ്ങള്‍

You might also like More from author