‘ഓക്‌സിജന്‍ വിതരണത്തില്‍ പ്രശ്‌നങ്ങളുള്ള കാര്യം ആരും പറഞ്ഞിരുന്നില്ല’; ഗോരഖ്പൂര്‍ ദുരന്തം ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദിയെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ഗൊരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണത്തില്‍ പ്രശ്‌നങ്ങളുള്ള കാര്യം ആരും പറഞ്ഞിരുന്നില്ലെന്ന് യുപി മുഖ്യമന്ത്രി ആദിത്യനാഥ്. ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് താന്‍ സന്ദര്‍ശിച്ചിരുന്നു. പക്ഷെ ഓക്‌സിജന്‍ വിതരണത്തില്‍ പ്രശ്‌നങ്ങളുള്ള കാര്യം ആരും പറഞ്ഞില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചെന്നും ആദിത്യനാഥ് വ്യക്തമാക്കി.

”ഇന്നലെ മുതല്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ മരണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞുനില്‍ക്കുകയാണ്. പ്രധാനപ്പെട്ട വിഷയത്തിലേക്ക് ഞങ്ങളുടെ ശ്രദ്ധതിരിച്ചതിന് നന്ദി അറിയിക്കുന്നു.” മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

മാധ്യമവാര്‍ത്തകള്‍ കണ്ട് പ്രധാനമന്ത്രി ആശങ്കയറിയിച്ചു. പല മാധ്യമങ്ങളും മരണസംഖ്യ പലവിധത്തിലാണ് നല്‍കിയത്. യഥാര്‍ത്ഥ മരണസംഖ്യ എത്രയെന്നും കാരണമെന്താണെന്നും ഉടന്‍ പുറത്തുവരും. ദേശീയ ഹെല്‍ത്ത് സെക്രട്ടറി ഗോരഖ്പൂരില്‍ എത്തിയിട്ടുണ്ടെന്നും കുട്ടികളുടെ മരണത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്നും യുപി മുഖ്യമന്ത്രി വ്യക്തമാക്കി. വൃത്തിയില്ലായ്മയും തുറന്ന സ്ഥലങ്ങളിലെ വിസര്‍ജനവുമാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് ആദിത്യനാഥ് പറഞ്ഞിരുന്നു. രാവിലെ അലഹബാദില്‍ വെച്ച് നടന്ന ഒരു ചടങ്ങിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വ്യാഴം, വെള്ളി ദിവസങ്ങളിലായി 30 കുട്ടികള്‍ക്കാണ് ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ജീവന്‍ നഷ്ടമായത്. ഓക്‌സിജന്‍ വിതരണം തകരാറിലായതുമൂലം ശ്വാസം കിട്ടാതെയാണ് കുട്ടികള്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് നല്‍കാനുള്ള 70 ലക്ഷം രൂപ കുടിശ്ശിക നല്‍കാത്തതാണ് ദുരന്തത്തിലേക്ക് നയിച്ചത്.

 

അഭിപ്രായങ്ങള്‍

You might also like More from author