കാശ്‌മീരിൽ ഏഴു മാസത്തിനിടെ 70 യുവാക്കൾ ഭീകര സംഘടനകളിൽ ചേർന്നതായി ജമ്മു&കശ്മീര്‍ സർക്കാർ

കശ്മീര്‍: കഴിഞ്ഞ ഏഴു മാസത്തിനിടെ കാശ്‌മീരിൽ നിന്ന് 70 യുവാക്കൾ ഭീകര സംഘടനകളിൽ ചേർന്നതായി സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. തെക്കൻ കാശ്‌മീരിലെ പുൽവാമ,​ ഷോപ്പിയാൻ,​ കുൽഗാം ജില്ലകളിൽ നിന്നുള്ളവരാണ് ഇവരിൽ ഭൂരിപക്ഷവും. 2016-ൽ 88 പേർ കാശ്‌മീരിൽ ചേർന്നിരുന്നു.

ഭീകര സംഘടനകളിൽ ചേരുന്നവരുടെ എണ്ണത്തിൽ 2014ൽ മുതൽ കൃത്യമായ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2014-ൽ 53ഉം 2015-ൽ 66 പേരുമാണ് ഭീകര ഗ്രൂപ്പുകളിൽ അംഗമായതെന്ന് സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നു. 2010-ൽ 54 പേർ ഭീകരസംഘടനയിൽ ചേർന്നപ്പോൾ 2011-ൽ അത് 23 ആയി കുറഞ്ഞു. 2012-ൽ 21ഉം 2013-ൽ 16ഉം ആയും താഴ്ന്നു.

പുൽവാമ – ഷോപ്പിയാൻ – കുൽഗാം മേഖലയാണ് ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രം. മദ്ധ്യകാശ്‌മീരില ശ്രീനഗർ,​ അനന്ത്നാഗ്,​ കുൽഗാം,​ ഷോപ്പിയാൻ,​ ബുഡ്ഗാം എന്നീ ജില്ലകളെ കാശ്‌മീരുമായി ബന്ധിപ്പിക്കുന്ന കേന്ദ്രബിന്ദുവും ഈ മേഖലയാണ്. ഭീകരരുമായി ഏറ്റവും കൂടുതൽ ഏറ്റുമുട്ടലുകൾ നടന്നിട്ടുള്ളതും ഇവിടെയാണ്.

ഫലവൃക്ഷങ്ങളും കൊടുംകാടുകളുമുള്ള ഇവിടം ഭീകരരുടെ സ്വർഗമായാണ് അറിയപ്പെടുന്നത്. സൈന്യം വധിച്ച ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയുടെ ജന്മസ്ഥലവും പുൽവാമയാണ്. കൊല്ലപ്പെട്ട ലഷ്‌കറെ തയ്ബ ഭീകരൻ അബു ദുജാന,​ അബു മൂസ എന്നിവരും പുൽവാമയിൽ നിന്നുള്ളവരാണ്. ഭീകര സംഘടനയിൽ ചേരാൻ പോയ 54 പേരെ സൈന്യം ഈ വർഷം അതിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നു. കഴിഞ്ഞ ഏഴു മാസത്തിനിടെ 132 തീവ്രവാദികളെ സൈന്യം വധിച്ചിട്ടുണ്ട്. ജൂലായ് വരെ 115 ഭീകരരും ആഗസ്‌റ്റ് ഒന്പത് വരെ 17 തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരിൽ 38 ഭീകരർ ലഷ്‌കറെ തയ്ബയിൽ നിന്നുള്ളവരാണ്. ഹിസ്ബുൾ (37)​,​ അൽക്വഇദയുടെ കീഴിലുള്ള മൂസ ഗ്രൂപ്പ് (മൂന്ന്)​,​ അറിയപ്പെടാത്ത വിവിധ സംഘടനകളിലുള്ള 54 തീവ്രവാദികൾ എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ കണക്ക്. ലഷ്‌കർ,​ ഹിസ്ബുൾ സംഘടനകളുടെ ആറ് കമാൻഡർമാരും കൊല്ലപ്പെട്ടിട്ടുണ്ട്.

2010-ലെ ആദ്യത്ത ഏഴു മാസത്തിനിടെ 156 ഭീകരരാണ് കൊല്ലപ്പെട്ടത്. 2011-ൽ 51,​ 2014,​ 2015-ൽ 51 വീതം,​ 2016-ൽ 77,​ 2017-ൽ 102 എന്നിങ്ങനെയാണ് മറ്റു കണക്ക്.

അഭിപ്രായങ്ങള്‍

You might also like More from author