അമേരിക്കയ്ക്ക് യുദ്ധക്കൊതിയെന്ന് വെനസ്വേല

കാരക്കസ്: സൈനിക നടപടിക്ക് മടിയില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന തള്ളി വെനസ്വേല രംഗത്ത്. അമേരിക്കയുടെയും ട്രംപിന്റെയും യുദ്ധക്കൊതിയാണ് ഇതിലൂടെ വ്യക്തമായതെന്ന് വെനസ്വേലന്‍ വിദേശകാര്യമന്ത്രി ജോര്‍ജ് അരീസ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായ പ്രസ്താവനയാണ് ട്രംപ് നടത്തിയതെന്നും അരീസ കുറ്റപ്പെടുത്തി. ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ലോക നേതാക്കളും രംഗത്തെത്തിയിരുന്നു.

ശനിയാഴ്ചയാണ് വെനസ്വേലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ അമേരിക്കയ്ക്ക് മടിയില്ലെന്നും സൈനിക നടപടി സ്വീകരിക്കാന്‍ മടിയില്ലെന്നും ട്രംപ് വ്യക്തമാക്കിയത്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ സ്വേഛാധിപത്യ നിലപാടുകള്‍ക്ക് അന്ത്യംവരുത്തണമെന്നും ട്രംപ് തുറന്നടിച്ചു.

അമേരിക്ക എപ്പോഴും വെനസ്വേലന്‍ ജനതയ്‌ക്കൊപ്പമാണെന്നും ഭരണഘടനയെ മാനിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ മഡൂറോ തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ജനാധിപത്യപരമായ രീതിയില്‍ രാജ്യത്ത് തിരഞ്ഞെടുപ്പു നടത്താന്‍ മഡൂറോ തയാറാവണമെന്നു പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ്, വെനസ്വേലയിലെ രാഷ്ട്രീയത്തടവുകാരെ പുറത്തുവിടണമെന്നും മനുഷ്യാവകാശ ധ്വംസനങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

നേരത്തെ, ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് മഡൂറോ അനുവാദം തേടിയിരുന്നെങ്കിലും വെനസ്വേലയില്‍ ജനാധിപത്യം പുനഃസ്ഥാപിച്ചാല്‍ മാത്രം മഡൂറോയുമായി ചര്‍ച്ച നടത്താമെന്ന് ട്രംപ് അറിയിച്ചിരുന്നു. ട്രംപുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭണഘടനാ അസംബ്ലിയുടെ ആദ്യ യോഗത്തിനിടെയാണ് നിക്കോളാസ് മഡുറോ അറിയിച്ചത്.

റഷ്യയുമായുള്ള ബന്ധം പോലെ അമേരിക്കയുമായി ശക്തമായ ഒരു ബന്ധം ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു

 

അഭിപ്രായങ്ങള്‍

You might also like More from author