നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി  ഇന്ന് പരിഗണിക്കും. സംസ്ഥാന പൊലീസിന്റെ അന്വേഷണം തൃപ്തി നല്‍കുന്നതല്ലെന്നും കേസ് സിബിഐ ഏറ്റെടുക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. മറ്റൊരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേര്‍ത്തതെന്നും പക്ഷപാതപരമായ അന്വേഷണമാണ് പൊലീസ് നടത്തിയതെന്നും ദിലീപ് പറയുന്നു. തന്റെ ഭാഗം കേട്ടില്ല അതിനാല്‍ മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിച്ച് സത്യം കണ്ടെത്തണമെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍, സിബിഐ അന്വേഷിക്കണമെന്ന പ്രതിയായ ദിലീപിന് ആവശ്യപ്പെടാന്‍ അവകാശമില്ലെന്ന് കോടതിയെ അറിയിക്കാനാണ് പ്രോസിക്യൂഷന്‍ നീക്കം. ഇക്കാര്യം വിവിധ കോടതികള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിന്റെ വിചാരണ വൈകിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദിലീപിന്റെ ഹര്‍ജിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുക്കും. 2017 ഫെബ്രുവരി 17നായിരുന്നു നടിക്കെതിരെ ആക്രമണം ഉണ്ടായത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ കാറിനുള്ളില്‍ വെച്ച് ലൈംഗീകമായി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ ആദ്യം ഭയന്ന നടി പിന്നീട് സത്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പണത്തിന് വേണ്ടിയുള്ള തട്ടികൊണ്ടുപോകലായിരുന്നുവെന്നായിരുന്നു പ്രതികളുടെ മൊഴിയെങ്കിലും ദിലീപിന്‍റെ പങ്ക് അന്ന് തന്നെ ചര്‍ച്ചയായിരുന്നു. പിന്നീട് വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം ജൂലെെ 10ന് വൈകിട്ട് ആറ് മണിയോടെ  നാടകീയമായാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.

സഹ പ്രവര്‍ത്തകയോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. ഗൂഢാലോചന, ബലാത്സംഘം, തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള വകുപ്പുകള്‍ താരത്തിനെതിരെ ചുമത്തി. പിന്നീട്  85 ദിവസം ആലുവ സബ് ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. നവംബര്‍ 22ന് പോലീസ്  ദിലീപിനെ എട്ടാം പ്രതിയാക്കി അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.