കലി തീരാതെ കാലവര്‍ഷം: കെടുതികള്‍ക്ക് തുടരുന്നു, ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്, കുട്ടികളടക്കം നിരവധി മരണം

കോഴിക്കോട്: കനത്തമഴയും നാശനഷ്ടങ്ങളും തുടരുന്നു. ഇരുപതോളം മേഖലകളില്‍ ഉരുള്‍ പൊട്ടലുണ്ടായി മരിച്ചവരുടെ എണ്ണം അഞ്ചായി.  കാണാതായ പതിമൂന്ന് പേര്‍ക്കു വേണ്ടിയുള്ള  തിരച്ചില്‍ തുടരുകയാണ്. കനത്ത മഴ മൂലം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടിരുന്നു. അതേ സമയം അപകട സാധ്യത നിലനില്‍ക്കുന്ന ആറ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം കൊടുത്തിരിക്കുകയാണ്

കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലാണ് മഴ നാശം വിതയ്ക്കുന്നത്. ജില്ലകളുടെ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. വയനാട് ചുരത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.

സംസ്ഥാനത്ത് ജൂണ്‍ 18 വരെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണു പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ജാഗ്രതാ നിര്‍ദേശവും നല്‍കി.

അതീവജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അടുത്ത കാലത്തൊന്നും ഇല്ലാത്ത തരത്തിലാണ് മലയോര പ്രദേശങ്ങളില്‍ നിര്‍ത്താതെ മഴ പെയ്യുന്നത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൃഷി ഒലിച്ച് പോയിട്ടുണ്ട്.ഉരുള്‍പൊട്ടി റോഡില്‍ മണ്ണും മരങ്ങളും വീണതിനെത്തുടര്‍ന്ന് സ്തംഭിച്ച ഗതാഗതം പലയിടത്തും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് വൈദ്യുതിയും ഇല്ല.

ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് എല്ലാവരേയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. മഴക്ക് ഇന്നും ശമനം ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

ജൂണ്‍ പത്തൊമ്പതോടെ കര്‍ണാടകയിലും കേരളത്തിലും കാലവര്‍ഷം വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഇതുവരെ 95 ശതമാനം അധികമഴയാണ് കേരളത്തില്‍ ലഭിച്ചത്.

ഈ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

 

 

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.