ശബരിമല ദര്‍ശനം, ആദിവാസി മൂപ്പന് ദക്ഷിണ നല്‍കല്‍, ആറന്മുള ബാലാശ്രമത്തില്‍ പ്രഭാതഭക്ഷണം, അയ്യങ്കാളി അനുസ്മരണം: കേരളത്തിലെത്തുന്ന കുമ്മനം രാജശേഖരന് തിരക്കിട്ട പരിപാടികള്‍


കോഴിക്കോട്: മിസോറം ഗവര്‍ണറായി ചുമതലയേറ്റ ശേഷം ഇതാദ്യമായി കുമ്മനം രാജശേഖരന്‍ ഇന്ന് കേരളത്തില്‍. ശബരിമലയില്‍ ദര്‍ശനം നടത്തുന്ന കുമ്മനത്തിന് സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. മലയാള മാസം ഒന്നാം തിയതിയായ നാളെയാണ് കുമ്മനം ശബരിമലയില്‍ തൊഴാനെത്തുക. കെട്ടുനിറച്ച് ശബരിമലയിലേക്കു യാത്രതിരിക്കുന്ന അദ്ദേഹം പോകുന്നവഴിയില്‍ അട്ടത്തോട് ആദിവാസികോളനിയിലെത്തി മൂപ്പനെ കാണും. മിസോറമില്‍നിന്നുള്ള പരമ്പരാഗത ഷാള്‍ അദ്ദേഹത്തെ അണിയിച്ച് ദക്ഷിണ നല്‍കും. വൈകീട്ട് സന്നിധാനത്തു ദര്‍ശനം നടത്തും.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനെ കോഴിക്കോട് പൗരാവലി ആദരിക്കുന്ന ചടങ്ങില്‍ നാളെ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. മുന്‍കേന്ദ്രമന്ത്രി ഡോ.മുരളിമനോഹര്‍ ജോഷി ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ന് രാത്രി 10.15 ഓടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന കുമ്മനം കോഴിക്കോട് വിവിധ പരിപാടികളില്‍ പങ്കെടുക്കും. 15ന് രാവിലെ 11ന് സംസ്‌കൃതി നന്മണ്ട സംഘടിപ്പിക്കുന്ന അയ്യങ്കാളി അനുസ്മരണവും വിവിധ സേവനപദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. നന്മണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പരിപാടി നടക്കുക. തുടര്‍ന്ന് ഗസ്റ്റ് ഹൗസിലേക്ക് തിരിക്കും. ഉച്ചഭക്ഷണത്തിനു ശേഷം വൈകിട്ട് 3.30ന് മാറാട് വിവേകാനന്ദ വിദ്യാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 16 ന് രാവിലെ ആറന്മുള ശബരി ബാലാശ്രമത്തില്‍ കുട്ടികള്‍ക്കൊപ്പം പ്രഭാത ഭക്ഷണത്തില്‍ പങ്കെടുത്ത ശേഷം പാര്‍ഥസാരഥി ക്ഷേത്ര ദര്‍ശനം നടത്തും. തുടര്‍ന്ന് മാരാമണ്‍ അരമനയിലെത്തി ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുമായി കൂടിക്കാഴ്ച നടത്തും.

തുടര്‍ന്ന് അദ്ദേഹം ശബരിമലയില്‍ ദര്‍ശനം നടത്തും. കൂനങ്കര ശബരി ബാലാശ്രമത്തില്‍ എത്തി ഇരുമുടിക്കെട്ട് നിറച്ച ശേഷമാകും ശബരിമല ദര്‍ശനം നടത്തുക. 16ന് ശബരിമലയില്‍ തങ്ങിയ ശേഷം അദ്ദേഹം 17ന് കോട്ടയത്തേയ്ക്ക് തിരിക്കും. ജന്മഭൂമി ദിനപ്പത്രത്തിന്റെ കോട്ടയത്തെ ആസ്ഥാന മന്ദിരം അദ്ദേഹം ഉദ്ഘാടനം ചെയ്യും. പിന്നീട് കുമ്മനത്തെ കുടുംബവീട്ടിലേക്ക് പോകും.
20 വരെ കേരളത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് അദ്ദേഹം മടങ്ങും.

മിസോറം ഗവര്‍ണറായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന കുമ്മനം രാജശേഖരന് ഇസഡ് പ്ലസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ബംഗ്ലാദേശും മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമായ മിസോറാമിന്റെ ഗവര്‍ണറായതിനാലാണ് കുമ്മനത്തിന് ഇത്രയും സുരക്ഷ നല്‍കുന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.