പറവൂരെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ സംഘം പിടിയില്‍; പിടികൂടിയത് കഞ്ചാവ് കടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍

കൊച്ചി: വടക്കന്‍ പറവൂറിലെ ക്ഷേത്രങ്ങളില്‍ നിന്ന് കവര്‍ച്ച നടത്തിയ സംഘം കൊല്ലം ശാസ്താംകോട്ടയില്‍ പിടിയില്‍. ഒരു സംഘം കഞ്ചാവ് കടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ എക്സൈസിന്റെ പിടിയിലായത്. എറണാകുളം സ്വദേശികളായ മൂന്നു പേരാണ് പിടിയിലായിരിക്കുന്നത്. കളവ് മുതല്‍ തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മോഷ്ടാക്കള്‍ കുരുങ്ങിയത്. ഇവര്‍ക്ക് അന്തര്‍ സംസ്ഥാന മോഷണസംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.

വടക്കന്‍ പറവൂര്‍ സ്വദേശി അരുണ്‍, കൊല്ലം മടത്തറ സ്വദേശി സന്തോഷ്, കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ ഷാ എന്നിവരെയാണ് ശാസ്താംകോട്ട എക്സൈസ് സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കാറില്‍ കഞ്ചാവ് കടത്തുന്നു എന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. കാര്‍ വാടകക്കെടുത്ത് മോഷണം നടത്തുകയും അതില്‍ കഞ്ചാവ് കടത്തുകയുമാണ് സംഘത്തിന്റ പ്രധാന രീതി.

വാടകക്കെടുത്ത് കാറില്‍ സഞ്ചരിച്ച് മോഷണം നടത്തിയ ശേഷം ഇവ വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയുമാണ് പ്രതികളുടെ രീതി. പ്രതികളില്‍ നിന്നും മോഷണത്തിനുപയോഗിച്ച ആയുധങ്ങള്‍, വിഗ്രഹം, തിരുവാഭരണം, വെള്ളി ആഭരണങ്ങള്‍, ലാപ് ടോപ്പ്, മൊബൈല്‍ഫോണുകള്‍, കവര്‍ച്ച നടത്തിയ 37,000 രൂപ, 300 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തിട്ടുണ്ട്. സംഘത്തിലെ പ്രധാനിയായ ഷാജിയും കൂട്ടാളിയും കൂടി തിരുവാഭരണം വില്‍ക്കുന്നതിനായി കരുനാഗപ്പള്ളി കേന്ദ്രീകരിച്ചുള്ളതായി പ്രതികളില്‍ നിന്നും വിവരം ലഭിച്ചു. ഇവരെ പിടികൂടുന്നതിനായി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. തൃക്കപുരം ക്ഷേത്രത്തില്‍ നിന്ന് 30 പവന്റെ തിരുവാഭരണവും 65,000 രൂപയും ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 15 പവനും പണവും മോഷ്ടിക്കപ്പെട്ടു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.