മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യ; സംഭവത്തിന് പിന്നില്‍ സിപിഎമ്മിലെ ദളിത് പീഡനമെന്ന് ആരോപണം

കൊച്ചി: കൊച്ചിയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്ണന്‍ കായലില്‍ ചാടി ആത്മഹത്യ ചെയ്തത് സിപിഎമ്മിലെ കൊടിയ ജാതി പീഡനവും അവഹേളനവും സഹിക്ക വയ്യാതെയെന്ന് ആരോപണം. പാര്‍ട്ടിയിലെ ഗ്രൂപ്പ് വേട്ടയില്‍ മനംനൊന്താണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് റിപ്പോര്‍ട്ട്. കൊച്ചി അഴിമുഖത്ത് ബോട്ടില്‍നിന്ന് ചാടിയ കൃഷ്ണനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. തെരച്ചില്‍ തുടരുകയാണ്.

ദളിതനായ തന്നെ പുറത്താക്കാന്‍ സിപിഎം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റി ശ്രമിക്കുന്നെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് എഴുതിയ കത്ത് ബോട്ടിലെ യാത്രക്കാരന് കൈമാറിയശേഷമാണ് കൃഷ്ണന്‍ കായലിലേക്ക് ചാടിയത്. പാര്‍ട്ടി കൃഷ്ണനെക്കൊണ്ട് പലതെറ്റുകളും ചെയ്യിപ്പിച്ചതായും കത്തില്‍ സൂചനയുണ്ട്. തിങ്കളാഴ്ച നടന്ന ലോക്കല്‍ കമ്മിറ്റിയിലും ചൊവ്വാഴ്ച പഞ്ചായത്ത് കമ്മിറ്റിയിലും കൃഷ്ണന്‍ പങ്കെടുത്തിരുന്നു. ഏതാനും മാസം മുന്‍പ് നടന്ന അവിശ്വാസപ്രമേയത്തെ തുടര്‍ന്നാണ് കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. അവിശ്വാസപ്രമേയത്തിന് പിന്നില്‍ സിപിഎം നേതൃത്വമായിരുന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

റെയില്‍വേ മെയില്‍ സര്‍വ്വീസില്‍നിന്ന് വിരമിച്ച ശേഷമാണ് കൃഷ്ണന്‍ രാഷ്ട്രീയത്തില്‍ സജീവമായത്. 2005-2010 കാലയളവിലും പഞ്ചായത്ത് അംഗമായിരുന്നു. ഇത്തവണ നറുക്കെടുപ്പിലൂടെയാണ് കൃഷ്ണന് പ്രസിഡന്റു സ്ഥാനം ലഭിച്ചത്. രാഷ്ട്രീയത്തിന് അതീതമായി സര്‍വ്വസമ്മതനായ അദ്ദേഹം കടുത്ത വി.എസ് പക്ഷക്കാരനായിരുന്നു. എന്നാല്‍ വിഎസ് പക്ഷം ക്ഷയിച്ചതോടെ കൂടെ നിന്നവര്‍ സിപിഐയിലേക്ക് ചേേക്കറി. ഇതോടെ കൃഷ്ണന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു. എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റി പൂര്‍ണമായും പിണറായി പക്ഷത്തിന്റെ പിടിയിലായി, ഇതോടെ കൃഷ്ണനെ പാര്‍ട്ടി പരിപാടികളില്‍നിന്ന് പൂര്‍ണ്ണമായും തഴഞ്ഞു. എന്നാല്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായതിനെ തുടര്‍ന്ന് കൃഷ്ണനെ മുന്‍നിര്‍ത്തിയാണ് സിപിഎം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

കൃഷ്ണന്റെ ആത്മഹത്യയില്‍ സിപിഎം നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമായി. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയുടെ രക്തസാക്ഷിയാണ് കൃഷ്ണനെന്ന് പഞ്ചായത്ത് അംഗം ടി.വി. ബിജു പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൃഷ്ണന്റെ ബന്ധുക്കളും പാര്‍ട്ടിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. പാര്‍ട്ടിയില്‍ കടുത്ത മാനസിക പീഡനമാണ് കൃഷ്ണന്‍ നേരിട്ടതെന്ന് അടുത്ത ബന്ധു രേണു പറഞ്ഞു. പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങളാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് നേരിട്ടത്, രേണു തുടര്‍ന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.