‘മതം പറഞ്ഞ് സജി ചെറിയാന് വോട്ട് പിടിച്ച’ കേരള കോണ്‍ഗ്രസ് വനിത നേതാവിന് നഗരസഭാ ഉപാധ്യക്ഷ സ്ഥാനം നഷ്ടം: മത്സരത്തില്‍ നിന്ന് പിന്മാറി വത്സമ്മ എബ്രഹാം

ആലപ്പുഴ: ചെങ്ങന്നൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന് വേണ്ടി മതം പറഞ്ഞ് വോട്ടു പിടിച്ച കേരള കോണ്‍ഗ്രസ്സ് വനിത നേതാവിന് പദവി നഷ്ടം. വിവാദത്തിന് പിറകെ ചെങ്ങന്നൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ നിന്ന് കേരള കോണ്‍ഗ്രസ്സ് (എം) കൗണ്‍സിലര്‍ വല്‍സമ്മ എബ്രഹാം പിന്‍മാറി.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്ന് കൊണ്ട് എല്‍ഡിഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് വോട്ട് പിടിക്കുന്ന വല്‍സമ്മയുടേതെന്ന് കരുതുന്ന ഫോണ്‍ സംഭാഷണം നവ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കൃസ്ത്യാനിയായ സജി ചെറിയാന് താന്‍ വോട്ടു പിടിച്ചുവെന്ന് സിപിഎം നേതാവിനോട് ഫോണില്‍ സംസാരിക്കുന്ന ഭാഗമാണ് പ്രചരിച്ചത്.

മറ്റേത് രണ്ടും നായരല്ലിയോ, ഇത് ഒര് ക്രിസ്ത്യാനി കൊച്ചനല്ലിയോ തുടങ്ങി ഒരു കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളാണ് തിരഞ്ഞെടുപ്പിന് തലേ ദിവസം നടന്ന ഫോണ്‍ സംഭാഷണത്തില്‍ ഉണ്ടായിരുന്നത്.
ധാരണ പ്രകാരം കേരള കോണ്‍ഗ്രസ്സ് (എം) നാണ് മുന്‍സിപ്പല്‍ ഉപാദ്ധ്യക്ഷ സ്ഥാനം. ആദ്യ രണ്ടു വര്‍ഷം കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂര്‍ ആയിരുന്നു ഉപാദ്ധ്യക്ഷ. ഇവര്‍ രാജി വെച്ച് അടുത്ത മൂന്ന് വര്‍ഷത്തേക്ക് വല്‍സമ്മക്ക് വേണ്ടി മാറികൊടുക്കുകയായിരുന്നു.ഇതിനിടെയിലാണ് ഫോണ്‍ സംഭാഷണം പുറത്ത് വന്നത്.

വല്‍സമ്മയെ ഉപാദ്ധ്യക്ഷയാക്കരുതെന്ന ആവശ്യവുമായി ഒരു വിഭാഗം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നതാണ് വിനയായത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.