‘ന്യൂനപക്ഷ പ്രീണന വോട്ട് ബാങ്ക് രാഷ്ട്രീയം ഇനി വേവില്ല’, കര്‍ണാടകയില്‍ രാഷ്ട്രീയമാറ്റത്തിന്റെ പുതിയ സന്ദേശം നല്‍കി ബിജെപി

ന്യൂനപക്ഷ വോട്ടു ബാങ്ക് രാഷ്ട്രീയത്തിന് വലിയ തിരിച്ചടിയാണ് ബിജെപി കര്‍ണാടകയില്‍ നല്‍കിയത്. ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കുകയും മറ്റ് വോട്ടുകള്‍ ഭിന്നിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു കര്‍ണാടകയില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നയം. ഇതിനെ ആ തലത്തില്‍ തന്നെ എതിരായി നിര്‍ത്തി പ്രചരണവും സ്ഥാനാര്‍ത്ഥി നിര്‍ണയവും നടത്തുകയായിരുന്നു ബിജെപി. ന്യുനപക്ഷ ശക്തി കേന്ദ്രങ്ങളില്‍ അവര്‍ക്ക് പ്രാതിനിധ്യം എന്ന പതിവ് സങ്കല്‍പം ബിജെപി പൊളിച്ചു. മുസ്ലിം ശക്തികേന്ദ്രങ്ങളില്‍ മുസ്ലിം സ്ഥാനാര്‍ത്ഥി എന്ന പതിവ് വേണ്ടെന്നും, ന്യൂനപക്ഷ വോട്ടുകള്‍ അതിന്റെ പേരില്‍ എതിരാവില്ല എന്നുമായിരുന്നു ബിജെപിയുടെ കണക്കു കൂട്ടല്‍. യുപിയിലും മറ്റും ഇതേ നിലപാട് എടുത്ത് ബിജെപി വിജയം കണ്ടെത്തിയിരുന്നു.

മുസ്ലിം ശക്തികേന്ദ്രങ്ങളില്‍ പിന്നോട്ട് പോയതും, കൃസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിക്കൊപ്പം നിന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായി. തീവ്രവാദ കേസുകള്‍ ഉള്‍പ്പടെ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവര്‍ പ്രതിയായ കേസുവരെ സിദ്ധരാമയ്യ സര്‍ക്കാര്‍ എഴുതി തള്ളി എന്ന ആരോപണം ബിജെപി ഉയര്‍ത്തിയിരുന്നു. ടിപ്പു ജയന്തി ആഘോഷിക്കാനുള്ള തീരുമാനം ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമാണെന്നും ബിജെപി ആരോപിച്ചു. ടിപ്പുവിനെ പ്രകീര്‍ത്തിക്കുന്ന നിലപാട് സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷത്തെ സര്‍ക്കാരിന് എതിരാക്കിയിരുന്നു. നിരവധി ക്രിസ്തുമത വിശ്വാസികളെ ടിപ്പു ഉന്മൂലനം ചെയ്തുവെന്നാണ് കത്തോലിക്ക സഭാ സംഘടനകള്‍ ആരോപിച്ചിരുന്നത്. ഉഡുപ്പി മേഖലകളില്‍ ഉള്‍പ്പടെ ഇത്തരം ന്യൂനപക്ഷ പ്രീണന നിലപാടുകള്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി.

മുസ്ലിം വോട്ടുകള്‍ ധാരeളമുള്ള മൈസൂരില്‍ ജെഡിഎസ് മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. ന്യൂനപക്ഷ വോട്ടുകള്‍ ഇവിടെ ജെഡിഎസിന് ലഭിച്ചു എന്നതിലുപരി ന്യൂനപക്ഷ പ്രീണനത്തിനെതിരായ വികാരം കോണ്‍ഗ്രസിനെതിരെ ജെഡിഎസിന് പിന്നില്‍ അണിനിരക്കാന്‍ പ്രേരകമായി എന്നാണ് വിലയിരുത്തല്‍.
ന്യൂനപക്ഷമത-ജാതി പ്രീണനം ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ ഭൂപിപക്ഷ വിഭാഗങ്ങളുടെ ശാക്തീകരണം ഉണ്ടായി എന്നത് തള്ളികളയാനാവില്ല. ഭൂരിപക്ഷ മതവിഭാഗങ്ങള്‍ തെരഞ്ഞെടുപ്പ് വിജയം നല്‍കാവുന്ന തരത്തില്‍ ബിജെപിയ്ക്ക് കീഴില്‍ സംഘടിക്കുന്നുവെന്ന യാതാര്‍ത്ഥ്യം കൂടി കന്നഡ മണ്ണില്‍ പ്രകടമായി, ഉത്തരേന്ത്യയില്‍ ബിജെപി വിജയിപ്പിച്ച അതേ സ്ട്രാറ്റജി ദക്ഷിണേന്ത്യയിലും വിജയിക്കുന്നു എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.